| Thursday, 17th September 2020, 9:51 am

ദൃശ്യമാധ്യമങ്ങള്‍ക്കല്ല ഡിജിറ്റല്‍ മീഡിയയ്ക്കാണ് കടിഞ്ഞാണ്‍ വേണ്ടത്; സുദര്‍ശന്‍ ടി.വി കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

” ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ് ധ്രുതഗതിയിലുള്ള റീച്ചുള്ളത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ എളുപ്പത്തില്‍ കണ്ടന്റുകള്‍ വൈറലാവുകയാണ്”, കേന്ദ്രം പറയുന്നു.

കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിയുക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ്. ഇതുപരിഗണിച്ച് കോടതി ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് പരിഗണിക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂരിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗരേഖകളുണ്ടെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

സുദര്‍ശന്‍ ടി.വിയില്‍ മുസ്‌ലിങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുരേഷ് ചവാന്‍കേ എഡിറ്ററായ ചാനല്‍ മനപൂര്‍വ്വം മുസ്‌ലിങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു.

കേസില്‍ കോടതിയുടെ മറ്റ് പ്രധാന നീരീക്ഷണങ്ങള്‍ ഇവയായിരുന്നു

ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും കേന്ദ്രമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.

ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.

ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്.

ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. മുസ്ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്. എന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more