| Friday, 24th May 2019, 1:57 pm

കര്‍ണാടകയില്‍ ആകെ കിട്ടിയ മൂന്ന് സീറ്റില്‍ ഒന്ന്‌ രാജിവെക്കാനൊരുങ്ങി ജെ.ഡി.എസ്: ദേവഗൗഡയെ മത്സരിപ്പിക്കാനെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: ഹസ്സന്‍ മണ്ഡലത്തിലെ സീറ്റ് ജെ.ഡി.എസ് നേതാവും എച്ച്.ഡി ദേവഗൗഡയ്ക്ക് കൈമാറാന്‍ ഒരുങ്ങി ജെ.ഡി.എസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകന്‍ പ്രജ്വാള്‍ രേവണ്ണ.

പാര്‍ട്ടി കേന്ദ്രമായ ഹസ്സനില്‍ ബി.ജെ.പിയുടെ മഞ്ജുവിനെതിരെയായിരുന്നു പ്രജ്‌വാളിന്റെ പോരാട്ടം. 141000 വോട്ടുകള്‍ക്കാണ് ഇവിടെ ജെ.ഡി.എസ് ബി.ജെ.പിയെ തകര്‍ത്തത്.

ജെ.ഡി.എസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തേണ്ടതുണ്ട്. അതിന് എച്ച്.ഡി ദേവഗൗഡ അവശേഷിപ്പിച്ചുപോയ ആ വിടവ് നികത്തപ്പെടണം. അതിനായി എന്റെ സീറ്റ് രാജി വെക്കാമെന്നാണ് എന്റെ തീരുമാനം. അദ്ദേഹം ഒരിക്കല്‍ക്കൂടി ഹസ്സന്റെ പ്രതാപിയായി തുടരുന്നത് എനിക്ക് കാണണം. പ്രജ്‌വാള്‍ രേവണ്ണ പറയുന്നതിങ്ങനെ.

ഹസ്സനിലെ ജനങ്ങളെ ധിക്കരിക്കുകയല്ലെന്നും ദേവഗൗഡയെ ജനങ്ങള്‍ക്ക് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗഡയെ നേരിട്ടുകണ്ട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗഡയുടെ അറിവും അനുഭവവും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും ലോക്‌സഭയില്‍ കര്‍ഷകരുടെ ശബ്ദമായി ദേവഗൗഡ തുടരണമെന്നും പ്രജ്‌വാള്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രികൂടിയായ ദേവഗൗഡയെ കൈവിടാത്ത മണ്ഡലമാണ് ഹസ്സന്‍. അഞ്ചുതവണ അദ്ദേഹം ഇവിടെ ജയിച്ചുകയറി. 86കാരനായ ദേവഗൗഡ ചെറുമകനുവേണ്ടിയാണ് ഹസ്സന്‍ മണ്ഡലം മാറ്റിവച്ചത്. അദ്ദേഹം അയല്‍ മണ്ഡലമായ തുംകുരുവില്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

കര്‍ണാടകയില്‍ ഗൗഡ കുടുംബത്തില്‍നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക വ്യക്തിയാണ് പ്രജ്‌വാള്‍. ദേവഗൗഡയുടെ മറ്റൊരു ചെറുമകനും എച്ച്.ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയും തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. മാണ്ഡ്യ മണ്ഡലത്തില്‍ ബി.ജെ.പി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയായിരുന്നു നിഖിലിന്റെ എതിരാളി. ഇവിടെ നിഖിലിനെ ഭാഗ്യം കനിഞ്ഞില്ലെന്നു മാത്രമല്ല, ഒരു ലക്ഷം വോട്ടുകള്‍ക്ക് പരാജയത്തിന്റെ കയ്പ് രുചിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കര്‍ണാടകയില്‍ 28ല്‍ 25സീറ്റും ബി.ജെ.പി തൂത്തുവാരി.

We use cookies to give you the best possible experience. Learn more