|

ലണ്ടനിൽ സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം; ഹീത്രൂ വിമാനത്താവളം അടച്ചിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. 120 വിമാനങ്ങള്‍ വഴിതിരിച്ച് വിടും. വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സമീപത്തുള്ള സബ്‌സ്റ്റേഷനിലാണ് അപകടമുണ്ടായത്.

പ്രാദേശിക സമയം രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും യാത്രവിവരങ്ങള്‍ക്ക് എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും തീയണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഹീത്രൂ വക്താവ് പ്രതികരിച്ചു. വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഹീത്രൂ. പ്രതിദിനം ഏകദേശം 1,300 ലാന്‍ഡിങ്ങുകളും ടേക്ക് ഓഫുകളുമാണ് ഹീത്രൂവിൽ നടക്കുന്നത്. 2024ല്‍ 83.9 ദശലക്ഷം യാത്രക്കാര്‍ ഹീത്രൂ വഴി യാത്ര ചെയ്തിട്ടുണ്ട്.

സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം പടിഞ്ഞാറന്‍ ലണ്ടനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. നിലവില്‍ സബ്‌സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് 150ഓളം വീടുകളിലെ ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 16,300ലധികം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് ഊര്‍ജ വിതരണക്കാരായ സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക്‌സ് പറയുന്നത്.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സബ്സ്റ്റേഷനിലെ ഒരു ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

Content Highlight: London’s Heathrow Airport shut due to power outage caused by fire

Latest Stories

Video Stories