| Sunday, 12th November 2023, 12:04 pm

ഫലസ്തീന്‍ അനുകൂല ജനാവലി ഒഴുകിയെത്തി; ലണ്ടനില്‍ മൂന്ന്‌ ലക്ഷം പേരുടെ റാലി; റാലിക്കെതിരെ വലതുപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ലണ്ടനില്‍ മൂന്നുലക്ഷത്തിലധികം പേര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി.
ലണ്ടനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ജനാവലിയാണിത്. എന്നാല്‍ ഫലസ്തീന്‍ അനുകൂലികള്‍ക്കെതിരെ വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമണം അഴിച്ചുവിട്ടതായി ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസത്തിലെ പതിനൊന്നാം മണിക്കൂറില്‍ യു.കെയില്‍ പരമ്പരാഗതമായി രണ്ട് മിനിറ്റ് യുദ്ധവിരാമ നിശബ്ദത ആചരിക്കാറുണ്ട്. എന്നാല്‍ അതേ ദിവസം തന്നെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം അനുവദിക്കണമോ എന്ന് വലതുപക്ഷം വിമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു.

ഫലസ്തീന്‍ അനുകൂലികള്‍ ‘സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കുക’, ‘ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുക’,’നദി മുതല്‍ കടല്‍ വരെ ഫലസ്തീന്‍ യാഥാര്‍ഥ്യമാകും തീര്‍ച്ച’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞ് ലണ്ടന്‍ തെരുവുകളിലുടനീളം ഇസ്രഈല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ ഫലസ്തീന്‍ അനുകൂല മാര്‍ച്ചിനു മുന്നോടിയായി യു.കെയിലുടനീളമുള്ള ഫുട്‌ബോള്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു കൂട്ടം വലതുപക്ഷ പ്രതിഷേധക്കാര്‍ സ്മാരകങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന സെന്‍ട്രല്‍ ലണ്ടനില്‍ എത്തുകയും ആക്രമണം അയിച്ചുവിടുകയും ചെയ്തു.
സംഭവത്തില്‍ 126 പേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ആര്‍. ടീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ അനുകൂലികളെ സംരക്ഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ‘നിങ്ങള്‍ ഇനി മുതല്‍ ഇംഗ്ലീഷ് അല്ല’ എന്ന് ആക്രോശിച്ച് അവര്‍ രോഷാകുലരായി.

‘ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേര്‍ക്ക് കൈമുട്ടും ഇടുപ്പും പൊട്ടിയതായി ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഒരു അനുസ്മരണ ചടങ്ങ് നടക്കുമ്പോള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ ശവകുടീരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനാണ് അക്രമകാരികള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ,’ ലണ്ടന്‍ പോലീസ് പറഞ്ഞു.

ലണ്ടന്‍ ആഭ്യന്തര സെക്രട്ടറി സുഖല്ല ബ്രാവര്‍മാന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ വിദ്വേഷ റാലിയെന്ന് ആരോപിച്ചിരുന്നു. റാലിക്കിടെ തുടര്‍ന്നുണ്ടായ സംഘട്ടനങ്ങള്‍ ആഭ്യന്തര സെക്രട്ടറിയുടെ വാക്കുകളുടെ പ്രതിഫലനമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചു.

Content Highlight: London rally supporting palastine

Latest Stories

We use cookies to give you the best possible experience. Learn more