| Monday, 15th January 2024, 8:40 am

സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ പദ്ധതി; ആരോപണത്തില്‍ ഫലസ്തീന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ലണ്ടന്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: നഗരത്തിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ പദ്ധതിയൊരുക്കിയെന്ന് ആരോപിച്ച് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ പൊലീസ്. വ്യാപാര കേന്ദ്രങ്ങള്‍ കച്ചവടത്തിനായി തുറക്കുന്നത് തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിന്റെ ഫലമായാണ് അറസ്റ്റ് നടന്നിട്ടുള്ളതാണെന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍, ലിവര്‍പൂള്‍, ബ്രൈറ്റണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ 26നും 31നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ കസ്റ്റഡിയില്‍ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്‍.എസ്.ഇയെ ഒരു സംഘം ലക്ഷ്യവെക്കുന്നുവെന്ന് ഡെയ്ലി എക്സ്പ്രസ് പത്രം അധികാരികള്‍ക്ക് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വിഷയത്തില്‍ പ്രതികരിച്ചു. വ്യാപാര കേന്ദ്രങ്ങളില്‍ കേടുപാടുകള്‍ വരുത്താനും വ്യാപാരം തടസപ്പെടുത്തുന്ന രീതിയില്‍ കടകള്‍ പൂട്ടിയിടാനും സംഘം ശ്രമിക്കുന്നതായാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും ഇത് സംബന്ധിച്ച് നിരീക്ഷണങ്ങള്‍ നടക്കുന്നതായും ഡിറ്റക്ടീവ് സൂപ്രണ്ട് സിയാന്‍ തോമസ് പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം യുദ്ധം ആരംഭിച്ചത് മുതല്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ ഇസ്രഈലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുണ്ട്. ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സ്വതന്ത്ര ഫലസ്തീന്‍ രൂപീകരണം, ഇസ്രഈല്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ തുടങ്ങിയവയാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,968 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഞായറാഴ്ച മാത്രമായി 125 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യകതമാക്കുന്നു.

Content Highlight: London police arrested Palestinian activists

Latest Stories

We use cookies to give you the best possible experience. Learn more