ചണ്ഡീഗഡ്: ലണ്ടനില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ സമ്മാനിച്ചതിന് താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ മത്സരിക്കുകയാണ് ഓരോ സംസ്ഥാനത്തെയും സര്‍ക്കാര്‍. പാരിതോഷികങ്ങളുടെ പെരുമഴയില്‍ മുങ്ങിയാണ് പല താരങ്ങളും ഇപ്പോള്‍ നില്‍ക്കുന്നത്. []
ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തിന് ഹരിയാന പൊലീസിന്റെ വക 51 ലക്ഷം രൂപയാണ് ഇന്നലെ പാരിതോഷികം പ്രഖ്യാപിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് ആറ് ഹരിയാന താരങ്ങള്‍ക്ക് 11 ലക്ഷം രൂപ വീതവും നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിങ് ഹൂഡ പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയ്ക്ക് പുറമേയാണിത്.
ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളെ അനുമോദിക്കാന്‍ ഹരിയാന പൊലീസ് വിഭാഗം സംഘടിപ്പിച്ച യോഗത്തിലാണ് പാരിതോഷിക തുക പ്രഖ്യാപിച്ചത്. യോഗേശ്വറിന് പുറമേ ഒളിമ്പിക്‌സില്‍ മത്സരിച്ച ബോക്‌സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്‍, ജയ് ഭഗവാന്‍, ഹോക്കി താരങ്ങളായ സര്‍ദാര്‍ സിങ്, സന്ദീപ് സിങ്, അത്‌ലറ്റിക് താരം സീമ ആന്റില്‍ എന്നിവര്‍ക്കാണ് പാരിതോഷികം.
ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ സുശീല്‍ കുമാര്‍, സൈന നെഹ്‌വാള്‍, ഗഗന്‍ നാരംഗ് എന്നിവരെയും ഹരിയാന സര്‍ക്കാര്‍ ആദരിക്കുന്നുണ്ട്.