| Friday, 27th July 2012, 12:54 am

ലണ്ടനില്‍ കൊടിയേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകം കാത്തുകാത്തിരുന്ന സുദിനം എത്തി. ഇനി എല്ലാവരുടേയും കണ്ണ് ലണ്ടന്‍ എന്ന മഹാനഗരത്തിലേക്ക്, ലണ്ടനിലെ വര്‍ണ്ണവിസ്മയമായ ഒളിമ്പിക്‌സ് കാഴചകളിലേക്ക്. ബ്രിട്ടീഷ് സമയം രാത്രി ഒമ്പതിന് (ഇന്ത്യന്‍സമയം അര്‍ധരാത്രി 1.30) എലിസബത്ത് രാജ്ഞിയാണ് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് നാല് മണിക്കൂറോളം നീണ്ട കലാസാസ്‌ക്കാരിക വിസ്മയങ്ങള്‍ക്ക് ലണ്ടന്‍ വേദിയാകും. []

70 ദിവസത്തോളം നീണ്ട ദീപശിഖാപ്രയാണം 12,800 കിലോമീറ്റര്‍ സഞ്ചരിച്ച്, 8000 ജോഡി കൈകളിലൂടെയാണ് ഒളിമ്പിക് സ്‌റ്റേഡിയത്തിലെത്തുന്നത്. അത് ഒളിമ്പിക് ജ്വാലയിലേക്ക് പകരുന്നതാരെന്ന കാര്യവും ഇനിയും പുറത്തുവിട്ടിട്ടില്ല.

ആഗസ്ത് 12 വരെ നീളുന്ന മഹാസംഗമവേദിയിലേക്ക് 204 ലോകരാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അത്‌ലറ്റുകളാണ് എത്തിയിരിക്കുന്നത്. അമേരിക്കയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത ലോഹത്തരികളില്‍ നിന്ന് രൂപപ്പെടുത്തിയ 4,700 മെഡലുകളാണ് വിജയികള്‍ക്ക് നല്‍കാന്‍ പ്രസിദ്ധമായ ലണ്ടന്‍ ടവറില്‍ സൂക്ഷിച്ചിട്ടുള്ളത്. ശനിയാഴ്ച ആദ്യമെഡല്‍ സമ്മാനിക്കപ്പെടും.

മുംബൈ ചേരികളില്‍നിന്ന് കോടീശ്വരനിലേക്കുള്ള യാത്ര പകര്‍ത്തി ഹോളിവുഡ്ഡിന്റെ മില്യണയറായി മാറിയ ഡാനി ബോയ്‌ലാണ് ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. സ്ലംഡോഗ് മില്യനയറിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഡാനി ബോയ്ല്‍ എന്തൊക്കെ വിസ്മയങ്ങളാണ് കരുതിവെച്ചിരിക്കുന്നതെന്ന് ഇനിയും രഹസ്യമാണ്.

വില്യം ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ ദി ടെമ്പസ്റ്റിലെ ഒരാശയം സ്വീകരിച്ച് “ഐല്‍ ഓഫ് വണ്ടര്‍” എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. “ഭയപ്പെടാതിരിക്കൂ, ഈ ദ്വീപ് സുന്ദരശബ്ദമുഖരിതമാണ്” എന്ന് തുടങ്ങുന്ന ടെമ്പസ്റ്റിലെ ഭാഗമാണ് ബോയ്ല്‍ ആവിഷ്‌കരിക്കുന്നത്. നാടകത്തിലെ കഥാപാത്രമായ കാലിബന്‍ പറയുന്ന ഈ വാക്കുകള്‍ ചടങ്ങില്‍ മുഴങ്ങും. പതിനായിരത്തോളം കലാകാരന്മാരാണ് ഒളിമ്പിക് സ്‌റ്റേഡിയത്തെ വിസ്മയിപ്പാക്കാനൊരുങ്ങുന്നത്.

സ്‌റ്റേഡിയത്തിനുള്ളില്‍ കാഴ്ചക്കാരായി ഒരു ലക്ഷത്തോളം പേര്‍ ഉണ്ടാകും. അത് ടിവിയിലൂടെ സാക്ഷ്യം വഹിക്കാന്‍ നൂറുകോടിപ്പേര്‍. ലോകത്തിന്റെ കണ്ണുകളെല്ലാം ലണ്ടനെ വലയം ചെയ്യുന്ന രാവില്‍ ഒന്‍പതുമണിക്ക് (ഇന്ത്യന്‍ സമയം രാത്രി 1.15) യൂറോപ്പിലെ ഏറ്റവും വലിയ മണി “ബിഗ് ബെന്‍” മുഴങ്ങുന്നതോടെയാണു ചടങ്ങുകള്‍ തുടങ്ങുക.

ഒളിമ്പിക്‌സ് വേദിയിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ എത്തുന്നത്. 81 പേര്‍. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സുശീല്‍കുമാറാണ് ഇന്ത്യയുടെ അഭിമാന ത്രിവര്‍ണ പതാകയേന്തുക.

We use cookies to give you the best possible experience. Learn more