| Thursday, 19th July 2012, 10:48 am

ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് വെട്ടിച്ചുരുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സുരക്ഷാ കാരണങ്ങളാല്‍ ഒളിംപിക് ഉദ്ഘാടന ചടങ്ങ് വെട്ടിച്ചുരുക്കിയതായി സംഘാടക സമിതി അറിയിച്ചു.  ഉദ്ഘാടനചടങ്ങിന്റെ അര മണിക്കൂര്‍ ദൈര്‍ഘ്യമാണ് വെട്ടിച്ചുരുക്കിയത്.

ചടങ്ങ് നീണ്ടാല്‍ അര്‍ധരാത്രിയില്‍ ലണ്ടനിലെ ആളുകള്‍ തെരുവില്‍ നിറയുമെന്ന ആശങ്കയുണ്ട്. കൂടാതെ ഉദ്ഘാടന ചടങ്ങിന് ശേഷം ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനും സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാനും വേണ്ടിയാണ് ചടങ്ങ് വെട്ടിച്ചുരുക്കിയത്.[]

എണ്‍പതിനായിരിത്തോളമാളുകളാണ് ഉദ്ഘാടന ചടങ്ങ് കാണാനായി ലണ്ടനിലെത്തുക. ഇതിനുപുറമെ 120 രാഷ്ട്രത്തലവന്‍മാരും ഉദ്ഘാടന ചടങ്ങിനെത്തും. മൂന്നര മണിക്കൂര്‍ നീണ്ട വര്‍ണാഭമായ ചടങ്ങാണ് ഉദ്ഘാടനദിനത്തില്‍ അവതരിപ്പിക്കാനായി സംവിധായകന്‍ ഡാനി ബോയലിന്റെ നേത്യത്വത്തില്‍ ഒരുക്കിയിരുന്നത്.

പതിനായിരത്തോളം കായികതാരങ്ങളും  കലാകാരന്‍മാരും ഒളിംപിക് വേദിയില്‍ ഉദ്ഘാടന ദിവസം ഉണ്ടാകും.

ലണ്ടന്‍ നഗരത്തില്‍ സുരക്ഷാസംവിധാനത്തില്‍ വീഴ്ച്ച ഉണ്ടായതായി കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്‌സ് വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more