അമൃത്‌സര്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അമൃത്സറില്‍ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1919 ല്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്ക് സര്‍ക്കാര്‍ മാപ്പ് പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ എഴുതിയ ശേഷമാണ് മേയര്‍ മടങ്ങിയത്. ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും ഇവിടെ വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബ്ലേഡ് മാഫിയാ ഭീഷണിയെ തുടര്‍ന്ന് 18 കാരന്‍ ആത്മഹത്യ ചെയ്തു
1919 ഏപ്രില്‍ 13ന് മൈതാനിയില്‍ ഒത്തുചേര്‍ന്ന നിരായുധരായ സമരക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്ക്കുകയായിരുന്നു. സമരക്കാരില്‍ സ്ത്രീകളും കുട്ടികളുമടക്കം 400 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. എന്നാല്‍ 1000 ത്തില്‍ അധികം പേര്‍ മരിച്ചെന്നാണ് ഇന്ത്യയുടെ കണക്ക്.
2013 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഡേവിഡ് കാമറൂണ്‍ സംഭവത്തെ ലജ്ജാവഹം എന്ന് അപലപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മാപ്പ് പറയുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നില്ല.