| Friday, 27th October 2023, 8:45 pm

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ലണ്ടൻ മേയർ; ഭരണപക്ഷ പാർട്ടിയിൽ ഫലസ്തീൻ അനുകൂല നിലപാടുമായി എം.പിമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലണ്ടൻ മേയർ സാദിഖ്‌ ഖാൻ.

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന അന്താരാഷ്ട്ര സമൂഹത്തോടൊപ്പമാണ് താനെന്ന് തൂത്തിങ്ങിൽ നിന്നുള്ള ലേബർ പാർട്ടിയുടെ മുൻ എം.പി കൂടിയായ സാദിഖ്‌ ഖാൻ പറഞ്ഞു.

‘വെടിനിർത്തൽ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനും ഗസയിലേക്ക്
ആവശ്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വഴി തുറക്കും. കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും തടയാൻ ഇത് അന്താരാഷ്ട്ര സമൂഹത്തിന് കൂടുതൽ സമയം നൽകും,’ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ മേയർ പറഞ്ഞു.

പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്നും വ്യത്യസ്തമായി ലേബർ പാർട്ടിയിലെ നിരവധി എം.പിമാർ ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മേയറുടെ പ്രതികരണം.

ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, 199 എം.പിമാരുള്ള ലേബർ പാർട്ടിയിലെ 49 പേരും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയോ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പുവെക്കുകയോ ചെയ്തു.

ബ്രിട്ടൻ കാവൽ മന്ത്രിസഭയിലെ സാറ ഓവൻ, റേച്ചൽ ഹോപ്കിൻസ് ബ്രിട്ടന്റെ നിലപാടിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് രാജി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: London Mayor calls for ceasefire in Gaza; Labour Party MPs support Gaza

We use cookies to give you the best possible experience. Learn more