| Thursday, 9th September 2021, 11:34 am

വെള്ളവും പാലും പോലും കിട്ടാനില്ല; അവശ്യസാധനങ്ങള്‍ ലഭിക്കാതെ വലഞ്ഞ് ലണ്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊവിഡ് രൂക്ഷമായതോടെ അവശ്യസാധനങ്ങള്‍ ലഭിക്കാതെ വലയുകയാണ് ലണ്ടനിലെ ജനങ്ങള്‍. കൊവിഡ് വ്യാപനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടണിന്റെ ഇറങ്ങിപ്പോക്കും രാജ്യത്തെ വിതരണ ശൃംഖലകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്. ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പല ഷെല്‍ഫുകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമല്ല എല്ലാ ബിസിനസ് മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.

പാലും മിനറല്‍ വാട്ടറും പോലും ഇല്ലാത്ത സാഹചര്യമാണ് നഗരത്തില്‍ പലയിടങ്ങളിലുമുള്ളത്. കൊവിഡും ബ്രക്‌സിറ്റുമാണ് വ്യാപാരമേഖലയെ ഇത്രയും തളര്‍ത്തിയതെന്നാണ് അവര്‍ പറയുന്നത്. കൂടാതെ സാധനങ്ങളെത്തിക്കാനാവശ്യമായ ഡ്രൈവര്‍മാരുടെ അപര്യാപ്തതയും സാഹചര്യം വഷളാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ മാത്രമല്ല തന്റെ ഗോഡൗണുകളും കാലിയായി കിടക്കുകയാണെന്നാണ് ടോമ എന്ന വ്യാപാരി പറഞ്ഞത്. ഇക്കാര്യം ഒന്നുമറിയാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുന്നതിന് ഉപഭോക്താക്കള്‍ വഴക്ക് പറയാറുണ്ടെന്നും ടോമ പറഞ്ഞു.

യു.കെയിലെ ഈ പ്രതിസന്ധി ഇനിയും തുടരുമെന്നും, ഇതിലും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ക്യാപിറ്റല്‍ ഇക്കണോമിക്‌സ് എന്ന ഗവേഷക വിഭാഗം പറയുന്നത്.

കൊവിഡും ബ്രക്‌സിറ്റും ജനങ്ങളെ വലയ്ക്കുകയാണെന്നും ഓഗസ്റ്റില്‍ റീട്ടെയില്‍ വിതരണ മേഖലകളില്‍ നിന്നും പ്രതീക്ഷിച്ച വില്‍പ്പനയുടെ 20 ശതമാനത്തിലധികം ഇടിഞ്ഞെന്നുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി (സി.ബി.ഐ) പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:London faces crisis of  basic necessities

We use cookies to give you the best possible experience. Learn more