ലണ്ടന്‍: ഒളിമ്പിക്‌സിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഒളിമ്പിക്‌സ് സമയത്ത് ലണ്ടനിലെ ഫ്‌ളാറ്റുകളുടെ മുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു. ഹയര്‍ വെലോസിറ്റി മിസൈല്‍ സിസ്റ്റം വീടുകളില്‍ സ്ഥാപിക്കുന്നുവെന്ന ലഘുലേഖകള്‍ കിഴക്കന്‍ ലണ്ടനിലെ 700ഓളം വീടുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ഫ്‌ളാറ്റിലെ ജലസംഭരണിക്കു മുകളില്‍ മിസൈല്‍ വെക്കുമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. 10 സുരക്ഷാ ഓഫീസര്‍മാരും പോലീസുകാരും 24 മണിക്കൂറും ഇവിടെയുണ്ടാകും. മെയ് രണ്ട് മുതല്‍ ഏഴുവരെ നടക്കുന്ന സൈനികാഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് ഇതെന്നും ലഘുലേഖയില്‍ പറയുന്നു.
എന്നാല്‍, ഒളിമ്പിക്‌സ്‌നടക്കുമ്പോള്‍ ഭൂതല മിസൈല്‍ സ്ഥാപിക്കണമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നത്. അവസാന ആശ്രയം എന്ന നിലയിലേ മിസൈലുകള്‍ പ്രയോഗിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അടുത്തയാഴ്ച മിസൈല്‍ പരീക്ഷണം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇവിടത്തെ താമസക്കാരിലൊരാളായ ബ്രയാന്‍ വെലാന്‍ അവകാശപ്പെട്ടു. മിസൈല്‍ സ്ഥാപിക്കാനുള്ള ഉപകരണവുമായി പട്ടാളക്കാര്‍ കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.