| Thursday, 21st March 2019, 11:54 pm

പത്തനംതിട്ടയില്‍ നിന്ന് ഒരു പേര് മാത്രം; എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്നത് വ്യക്തമാക്കേണ്ടത് കേന്ദ്രനേതൃത്വം; എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ മുമ്പാകെ സമര്‍പ്പിച്ച പട്ടികയില്‍ പത്തനംതിട്ട ഉണ്ടായിരുന്നെന്നും എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ലെന്നത് കേന്ദ്രനേതൃത്വത്തില്‍ നിന്നും വ്യക്തത വരേണ്ടതുണ്ടെന്നും എം.ടി രമേശ്. മാതൃഭൂമി പ്രൈംടൈം ചര്‍ച്ചയിലായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

ബി.ജെ.പി കേന്ദ്രനേതൃത്വം കേന്ദ്രപാര്‍ലമെന്ററിബോര്‍ഡില്‍ സമര്‍പ്പിച്ച പട്ടികയില്‍ പത്തനംതിട്ടയില്‍ നിന്ന് ഒരു പേരുമാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എം.ടി രമേശ് പറഞ്ഞു.

“പത്തനംതിട്ട എന്തുകൊണ്ട് വന്നില്ലെന്ന് കേന്ദ്രനേതൃത്വത്തില്‍ നിന്നും വ്യക്തത വരേണ്ടതായുണ്ട്. കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ മുമ്പാകെ സമര്‍പ്പിച്ച പട്ടികയില്‍ പത്തനംതിട്ട ഉണ്ടായിരുന്നു. എന്നാല്‍ അത് എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ലായെന്നുള്ളതിന് ഉത്തരം തരേണ്ടത് കേന്ദ്രനേതൃത്വമാണ്. എന്നാല്‍ ബി.ജെ.പി കേന്ദ്രനേതൃത്വം കേന്ദ്രപാര്‍ലമെന്ററിബോര്‍ഡില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പേരുമാത്രമേയുള്ളു.” എം.ടി രമേശ് പറഞ്ഞു.

ALSO READ: ജോസ് കെ മാണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂവിവിളിയും കളിയാക്കലും

പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ കെ സുരേന്ദ്രനോ മത്സരിച്ചേക്കാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരല്ലാതെ സമവായ സ്ഥാനാര്‍ത്ഥിയായി മൂന്നാമതൊരാള്‍ വന്നേക്കാമെന്നതിന്റെ സൂചനയാണ് പത്തനംതിട്ട ലോക്‌സഭാ സിറ്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതിന് പിന്നില്‍ എന്നതും തള്ളിക്കളയാനാവില്ല. പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടാവുമെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തര്‍ക്കം നിലനിന്നിരുന്ന പത്തനംതിട്ട സീറ്റില്‍ തീരുമാനമായിരുന്നില്ല. കേരളത്തില്‍ 12 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്ത് വിട്ടത്.

We use cookies to give you the best possible experience. Learn more