നേരത്തെ കവരത്തി കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഫൈസലിനെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്. എന്നാല്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹരജി ഫൈസല്‍ ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ വാദം കേള്‍ക്കാനിരിക്കെയാണ് എം.പിയുടെ അയോഗ്യത പിന്‍വലിച്ചുകൊണ്ട് ലോക്‌സഭ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി, ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഫെസല്‍ രംഗത്തെത്തിയത്. എന്നാല്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് വിഷയത്തില്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല.
ഇതിനെതുടര്‍ന്നാണ് ഫൈസലിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസിലെ സെഷന്‍സ് കോടതി വിധിയും ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടും തന്നെ തിരിച്ചെടുക്കാന്‍ ലോക്‌സഭ തയ്യാറായില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. മാത്രമല്ല ഹൈക്കോടതി വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കേസില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഫൈസലിന്റെ ഹരജി പരിഗണിക്കാനിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി അയോഗ്യത പിന്‍വലിച്ച് കൊണ്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
അതേസമയം മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വവും സമാന രീതിയില്‍ ലോക്‌സഭ റദ്ദാക്കിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.