| Monday, 3rd August 2015, 3:57 pm

ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം: 27 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. സഭയുടെ നടുത്തളത്തില്‍ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍ തുടങ്ങിയ 27ഓളം കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തിരുന്ന സര്‍വകക്ഷി യോഗം പരജായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുദ്രാവാക്യം മുഴക്കിക്കൊണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തിലെത്തിയത്. അതേസമയം സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സഭയ്ക്കു പുറത്ത് പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്ലക്കാര്‍ഡുമായി സഭയിലെത്തി പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് സ്പീക്കര്‍ നേരത്തെ തന്നെ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് രാവിലെ സഭാ നടപടികള്‍ ആരംഭിച്ചതിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളിയിരുന്നു. ഇതിന് ശേഷം ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.

എം.പിമാരായ സുഷ്മിത ദേവ്, ഗൗരവ് ഗൊഗോയ്, തുടങ്ങിയവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ആകെ 44 എം.പിമാരാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്. സസ്‌പെന്‍ഷന്‍ നടപടിയുടെ പശ്ചാത്തലത്തില്‍ വര്‍ഷകാല സമ്മേളനത്തിന്റെ  അവശേഷിക്കുന്ന ദിനങ്ങളും പ്രക്ഷുബ്ധമാവുമെന്നുറപ്പായി.

We use cookies to give you the best possible experience. Learn more