ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജെ.പി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ലോക്‌സഭാ സ്പീക്കര്‍ നീക്കുന്നെങ്കില്‍ നീക്കട്ടെയെന്ന് പി.സി ചാക്കോ.
സംയുക്ത പാര്‍ലമെന്ററി സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജെ.പി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം ആലോചിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.[]
എന്നാല്‍ തന്റെ രാജി നേരിട്ട് ആവശ്യപ്പെടാതെ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനെ സമീപിക്കുകയാണ് ജെ.പി.സിയിലെ പ്രതിപക്ഷാംഗങ്ങള്‍ ചെയ്തതെന്ന് ചാക്കോ ചൂണ്ടിക്കാട്ടി. 30 അംഗ സമിതിയിലെ 15 അംഗങ്ങളും തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ടത് സ്പീക്കറോടാണ്. അക്കാര്യത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.ജെ.ഡി, ജെ.ഡി(യു), തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളാണ് ചാക്കോയെ നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ 2ജി വിഷയത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റക്കാരാണെന്നു തെളിയിക്കുന്നതിനു വേണ്ട ഫയലോ രേഖകളോ ജെ.പി.സിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതിനാലാണ് കരട് റിപ്പോര്‍ട്ടില്‍ ഇരുവരെയും ഉള്‍പ്പെടുത്താത്തതെന്നും, 30 അംഗങ്ങളുള്ള സമിതിയില്‍ ഇരുവരെയും വിളിച്ചു വരുത്തുന്ന കാര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായില്ലെന്നും ചാക്കോ പറഞ്ഞു.
മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് ജെ.പി.സിയുടെ മുന്നില്‍ ഹാജരാകുന്നതിനായി ഒരവസരം കൊടുത്തതാണെന്നും അതിനാല്‍ വീണ്ടും വിളിക്കേണ്ട കാര്യമില്ലെന്നും ചാക്കോ വിശദീകരിച്ചു.