| Monday, 20th December 2021, 5:03 pm

വോട്ടേഴ്‌സ് ഐ.ഡി ആധാറുമായി ബന്ധിപ്പിക്കല്‍; ഒടുവില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കിയെടുത്ത് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്.

കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒരുപാട് കാലമായി ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം
നല്‍കുന്നതാണ് ബില്‍.

വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സഭ ബില്ലിന് അംഗീകാരം നല്‍കിയത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ രൂക്ഷമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തു.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്നാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്.

ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

വോട്ടവകാശം ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ നാലുതവണ വരെ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ആവസരവും ബില്‍ നല്‍കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Loksabha passes election laws amendment bill to link Voter ID with AADHAAR

We use cookies to give you the best possible experience. Learn more