| Thursday, 6th August 2015, 7:55 am

പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഇനി കടുത്ത ശിക്ഷ; നിയമ ഭേദഗതി ലോക്‌സഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമങ്ങളെ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. തോട്ടിപ്പണിയെടുക്കല്‍, ജന്തുക്കളുടേതടക്കമുള്ളവയുടെ ജഡം ചുമക്കല്‍, തുടങ്ങിയ കൃത്യങ്ങള്‍ക്ക് പട്ടിക വിഭാഗത്തിലുള്ളവരെ നിര്‍ബന്ധിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ കോടതിയും രൂപീകരിക്കും.

പട്ടികവിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികളില്‍ വീഴ്ച്ച വരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ ശിക്ഷാനടപടികളാണ് നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും  ലഭിക്കും. പട്ടികവിഭാഗത്തിലെ ആളുകളുടെ ഭൂമി കൈവശം വെക്കുന്നതും നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്.

ഈ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തടയുന്നതിനുള്ള ശിക്ഷാനടപടികളും നിയമത്തിലുണ്ട്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക, ലൈംഗിക ചുവയോടെയുള്ള ആംഗ്യം, വാക്കുകള്‍ ഇവയെല്ലാം പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. എം.പിമാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനിടെയാണ് സഭ ഈ ബില്‍ പാസാക്കിയത്.

We use cookies to give you the best possible experience. Learn more