കോഴിക്കോട്: പാവപ്പെട്ടവരുടെ മണ്ണായ വയനാട് രാഹുല്‍ ഗാന്ധി നിലനിര്‍ത്തണമെന്ന് രാഹുലിന് വേണ്ടി ഒഴിഞ്ഞുമാറിയ ടി.സിദ്ദീഖ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ നിന്നും ജയിച്ചാല്‍ ഏത് സീറ്റാകും നിലനിര്‍ത്തുക എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ സിദ്ദീഖിനോട് ചോദ്യം ആവര്‍ത്തിച്ചപ്പോഴായിരുന്നു വയനാട് നിലനിര്‍ത്തണം എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് സിദ്ദീഖ് പറഞ്ഞത്.
വയനാട്ടിലെ ഹരിജനങ്ങളുടേയും ഗിരിജനങ്ങളുടേയും പ്രശ്‌നങ്ങളും യാത്രാക്ലേശവും വികസനമില്ലായ്മയും എല്ലാം രാഹുല്‍ വരുന്നതോടെ മാറും. വയനാടിന്റെ വികസനത്തിന്റെ ഗേറ്റ്വേയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും സിദ്ദീഖ് പറഞ്ഞു. ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സിദ്ദീഖിന്റെ പ്രതികരണം.
Read Also : ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിക്കാന്‍ മോദി ആര്?; മമതാ ബാനര്‍ജി
Read Also : “അമേഠിയിലും വയനാടും ബി.ജെ.പി. തന്നെ വിജയിക്കും”: മനേക ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ വരവോടുകൂടി കേരളത്തില്‍ നിന്ന് ഒരൊറ്റ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും പാര്‍ലമെന്റില്‍ എത്തില്ലെന്ന് ഉറപ്പായെന്നും ടി സിദ്ദിഖ് പറഞ്ഞു.
അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റുകാണണം എന്നാണ് സിപിഎം പ്രവര്‍ത്തകരുടെ മനസെന്നും ബി.ജെ.പിയുടെ മനസിലേക്ക് സി.പി.ഐ.എം എത്തിയിരിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ഒരേ നുകത്തില്‍ കെട്ടിയപോലെയാണ് ബി.ജെ.പിയും സി.പി.ഐ.എമ്മും യാത്ര ചെയ്യുന്നത്. അമേഠിയില്‍ ഇത്തവണ എസ്.പി, ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നില്ല, അവര്‍ കാണിച്ച ആ സാമാന്യ മര്യാദ ഇടതുപക്ഷവും കേരളത്തില്‍ കാണിക്കേണ്ടതായിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്യേണ്ടതെന്നും ടി സിദ്ദിഖ് പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയായി തുടരുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വ്യക്തമാക്കിയിരുന്നു. അമര്‍ ഉജാല ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. അമേഠിയുമായി തനിക്ക് ബന്ധമുണ്ട്, എന്നാല്‍ അന്ധവിശ്വാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വയനാട്ടിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ഭയം കൊണ്ടാണോ എന്ന് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന് ചോദിച്ചു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണെന്നും വയനാട്ടിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥി പി.പി. സുധീറിന് എതിരാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.