തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പുറത്തു വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി. എഫ് മേൽക്കൈ നേടി.
ഇടത് മുന്നണി 19 സീറ്റുകളിലും ബി.ജെ.പി 11 സീറ്റുകളിലും മുന്നിലെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 124 മണ്ഡലങ്ങളിൽ യു.ഡി.എഫിന് മുന്നേറ്റം ഉണ്ടായിരുന്നു. അന്ന് ഇടത് മുന്നണിക്ക് 15 ഇടത്തും ലീഡ് കിട്ടിയിരുന്നു. എന്നാൽ ബി.ജെ.പിക്ക് ആകെയുണ്ടായിരുന്ന മുന്നേറ്റം ഒരിടത്ത് മാത്രമായിരുന്നു. നേമത്ത് മാത്രമായിരുന്നു അന്ന് ബി.ജെ.പിക്ക് ലീഡ് ഉണ്ടാക്കാൻ സാധിച്ചിരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനായിരുന്നില്ലെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി തുടർഭരണം നിലനിർത്തിയിരുന്നു. 99 സീറ്റുകൾ നേടി മികച്ച വിജയം തന്നെ കാഴ്ചവെക്കാൻ അന്ന് ഇടത് മുന്നണിക്ക് സാധിച്ചിരുന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയിരുന്ന യു.ഡി.എഫ് അന്ന് 41 സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെപിക്ക് തങ്ങളുടെ സിറ്റിങ് സീറ്റ് ആയ നേമവും കൈവിട്ട് പോയിരുന്നു.
ഇക്കുറി 11 മണ്ഡലങ്ങളിൽ ഒന്നാമതെത്തിയ ബി.ജെ.പി ഒമ്പത് ഇടങ്ങളിൽ രണ്ടാമതെത്തിയിട്ടുണ്ട്. തിരുവന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂർ, ഒല്ലൂർ, മണലൂർ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്.