| Saturday, 9th March 2024, 1:15 pm

ലീഗുള്ളപ്പോള്‍ കോണ്‍ഗ്രസ്സിലെന്തിനാ ഇനി കോണ്‍ഗ്രസ്സുകാര്‍?

താഹ മാടായി

പത്മജയല്ല, ഇനിയാരു തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയാലും, കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ ആത്മവിശ്വാസത്തിന്റെ പിന്നിലെ ചാലകശക്തി മുസ്‌ലിം ലീഗ് ആണ്. മുസ്‌ലിം ലീഗ് ഘടകകക്ഷി ആയിരിക്കുന്ന കാലത്തോളം, കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ /കാരി പോലും അവശേഷിച്ചില്ലെങ്കില്‍ പോലും മുസ്‌ലിം ലീഗ് ഇല്ലേ?

ജാഥ നയിക്കാനും കൊടി പിടിക്കാനും ആളില്ലാതാവുമോ? വി.ഡി സതീശനും കെ.സുധാകരനും നയിച്ച സമരാഗ്‌നി നടക്കുന്നുണ്ട് എന്നറിഞ്ഞതു തന്നെ സുധാകരന്റെ ‘ഓണ്‍ റെക്കോര്‍ഡ്’ വായ്ത്താരികള്‍ കൊണ്ടാണ്.

എവിടെയും ആളുമില്ല, ആരവവുമില്ല. എന്നാല്‍, യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ജാഥ വരട്ടെ, ചങ്ങമ്പുഴ കവിത പോലെ ഹരിതകാന്തി തിങ്ങിവിങ്ങി കാണാം. കോണ്‍ഗ്രസിന്റെ ഭാഗ്യചിഹ്നം മുസ്‌ലിം ലീഗ് ആണ്, കൈപ്പത്തി പോലും അല്ല.

അധികാരം ഉള്ളപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന പാരമ്പര്യം, അധികാരം ഇല്ലാത്തപ്പോഴും മുസ്‌ലിം ലീഗ് കാണിക്കുന്നു. ഈ അചഞ്ചലമായ കൂറ് കൊണ്ട് മുസ്‌ലിം ലീഗിന് എന്താ പ്രയോജനം എന്ന് ചോദിക്കാന്‍ ആരും വരരുത്. എ.കെ.ആന്റണിയെ വിജയിപ്പിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസിന്റെ വിശ്വാസവും അതാണ്.

എ.കെ.ആന്റണിയെ തുണച്ച ലീഗ്, കോണ്‍ഗ്രസ് നിര്‍ത്തുന്ന ആരെയും തുണക്കും. ആട്ടും തുപ്പും സഹിക്കുന്ന പാരമ്പര്യം മറ്റൊരു പാര്‍ട്ടിക്കുമില്ല. ബി.ജെ.പിയുടെ അതേ അഭിപ്രായമാണ് ജയിച്ചു കേറിയ കാലത്ത് ആന്റണി പറഞ്ഞത്. ന്യൂനപക്ഷം അനര്‍ഹമായത് എന്തോ നേടുന്നു, ഭൂരിപക്ഷത്തിന്റെ വികാരം മനസ്സിലാക്കണം..

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ആര്‍ക്ക് അനുകൂലമായിത്തീരാനാണ് സാധ്യത? ബി.ജെ.പിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ മനസ്സ് ക്രൈസ്തവര്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ട്. ധനം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയ കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹവുമായിട്ടുള്ള ശാക്തിക ബലാബലത്തില്‍, ‘ ദാസ്യം പേറുന്ന ജനത ‘ എന്ന അവസ്ഥയില്‍ നിന്ന് മുസ്‌ലിം യുവ സമൂഹം കേരളത്തിലെങ്കിലും മുന്നോട്ടു പോയിട്ടുണ്ട്.

എഴുപത് / എണ്‍പതുകളില്‍ ഗള്‍ഫില്‍ പോയ മനുഷ്യര്‍ ചോര നീരാക്കി കെട്ടിപ്പൊക്കിയ പുരയില്‍ വളര്‍ന്ന കുട്ടികള്‍ പഠിച്ചു, ഉപ്പ കാരണവന്മാര്‍ കത്തുപാട്ട് കേട്ട് കരയുകയും കാലം കഴിക്കുകയും ചെയ്ത നാട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങി. പെണ്‍കുട്ടികളും അമ്മായിമാരും അപ്പത്തരങ്ങള്‍ ചുട്ട് പുതിയാപ്പിളമാരെ തക്കരിക്കുന്നത് പാട്ടില്‍ മാത്രമായി ചുരുങ്ങി.

മാളുകളിലും ഫുഡ് പാര്‍ക്കുകകളിലും വലിയ റെസ്റ്റാറന്റുകളിലും ചെന്നിരുന്ന് ജീവിതം തിന്നും തീറ്റിയും ബന്ധങ്ങളില്‍ ഗാഡമായ രസം തീര്‍ക്കുകയാണ്. റബ്ബറിന് വില കുറഞ്ഞാലും കൂടിയാലും പ്രശ്‌നമില്ല. നോമ്പടുക്കാറായപ്പോള്‍ അയക്കുറ മുതല്‍ കല്ലുമ്മക്കായ വരെ വില കൂടി.

അത് പറഞ്ഞ് അയക്കൂറ വാങ്ങാതിരിക്കുമോ? വില കൂടുന്തോറും കൂടുതല്‍ വിറ്റുപോവുകയാണ്. ക്രൈസ്തവ സമൂഹത്തിന്റെ ആധിപത്യം നിലനിന്നിരുന്ന വിദ്യാഭ്യാസ മേഖല, ആതുരാലയ മേഖല- എവിടെയും മുസ്‌ലിംകളുടെ വമ്പന്‍ തേരോട്ടം തന്നെയുണ്ടായി.

ഹിന്ദു സമുഹത്തിന് മുസ്‌ലീങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. രാഷ്ടീയമായി അകല്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, വോട്ടെടുപ്പില്‍ അതൊന്നും പ്രതിഫലിക്കാറില്ല. എബ്രഹാമിന്റെ സന്തതിപരമ്പരകള്‍ക്കിടയില്‍ ആഗോളതലത്തില്‍ തന്നെ അകല്‍ച്ചയും കുത്തിത്തിരിപ്പുകളും ഉണ്ട്. ആ അകല്‍ച്ച ഇവിടെ പതുക്കെ പടര്‍ന്നു.

അപ്പോള്‍, കോണ്‍ഗ്രസുകാര്‍ ആരെ വിശ്വസിക്കും?

മുസ്‌ലിം ലീഗിനെ.

കാരണം, കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് പോലെ , ഉയരത്തില്‍ പറത്തുന്ന ആ പച്ചക്കൊടി ഉയര്‍ത്താന്‍ അണികള്‍ ഉണ്ട്. സഭ വിചാരിച്ചാല്‍ ഇത്തരം അണികളെ കിട്ടില്ല. കെ.പി.സി.സിയോ ഹൈക്കമാന്‍ഡോ വിചാരിച്ചാലും കിട്ടില്ല. പാണക്കാട് തങ്ങന്മാര്‍ വിചാരിച്ചാല്‍ കിട്ടും.

അത് എത്ര കാലം കിട്ടും?

പൊന്നാനിയും മലപ്പുറവും മുസ്‌ലിം ലീഗിന് ജനഹിതത്താല്‍ നഷ്ടപ്പെടുന്ന കാലം വരെ. ആ രണ്ടു സീറ്റുകള്‍ക്കു വേണ്ടിയാണ് എല്ലാ സീറ്റുകളിലും അവര്‍ കോണ്‍ഗ്രസ് / യു.ഡി.എഫ് സഖ്യത്തിനൊപ്പം നില്‍ക്കുന്നത്. വെറും രണ്ടു സീറ്റ് നിലനിര്‍ത്താന്‍ കേരളം മുഴുവന്‍ യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു പാര്‍ട്ടിയുമുണ്ടാവില്ല എന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിലെന്തിനാ കോണ്‍ഗ്രസുകാര്‍ എന്ന ചോദ്യം വരുന്നത്.

മുസ്‌ലിം ലീഗില്ലേ?

അതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.

പഴയ പുതിയാപ്പിളമാരെ പോലെ അമ്മോശന്‍ കൊടുക്കുന്നത് വാങ്ങി തൃപ്തിപ്പെട്ടുക്കൊണ്ടു ജീവിക്കും.

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more