അനിലും പദ്മജയും പ്രേമചന്ദ്രനും - അല്‍ഫോണ്‍സച്ചന്റെ ദുഃഖങ്ങള്‍
Opinion
അനിലും പദ്മജയും പ്രേമചന്ദ്രനും - അല്‍ഫോണ്‍സച്ചന്റെ ദുഃഖങ്ങള്‍
ഫാറൂഖ്
Saturday, 9th March 2024, 3:36 pm

എനിക്ക് നേരിട്ടറിയാവുന്ന ആരും ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ കാണാറില്ല. അഥവാ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ തന്നെ അവരത് പുറത്തു പറയാറുമില്ല. വാര്‍ത്തചാനല്‍ കാണുന്നവരൊക്കെ വലിയ യോഗ്യന്മാരാണെന്ന ധാരണ മാറി അവരൊക്കെ ഒരു പണിയുമില്ലാത്ത ഉണ്ണാക്കന്മാരെന്നാണ് കുട്ടികളൊക്കെ ഇപ്പോള്‍ കണക്കാക്കുന്നത്, അതുകൊണ്ട് അക്കാര്യം പുറത്തു പറയുന്നതില്‍ റിസ്‌കുണ്ട്, പിള്ളേര് തന്ത-വൈബ് എന്ന് പറയും. എന്നാലും പറയാം.

കഴിഞ്ഞ മാസം ഒന്നാം തിയ്യതി, എല്ലാ ഹിന്ദി ഇംഗ്ലീഷ് ചാനലുകളിലും വൈകുന്നേരം നാലു മണി മുതല്‍ മറ്റെല്ലാ പരിപാടികളും നിര്‍ത്തി വച്ച് പ്രത്യേകം ലൈവ് കവറേജ്. ലീഡ് അവതാരകരോക്കെ സ്റ്റുഡിയോയില്‍ ലൈവ് , ഒരു റിപ്പോര്‍ട്ടര്‍ ലൈവായി ജാര്‍ഖണ്ഡില്‍, വേറൊരാള്‍ ദല്‍ഹി എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍. റണ്‍വേയില്‍ സാധാരണ റിപ്പോര്‍ട്ടര്‍മാരെ അനുവദിക്കാറില്ല, അന്ന് സ്‌പെഷ്യല്‍ ആണ്.

ഒരു ചാര്‍ട്ടേര്‍ഡ് അല്ലെങ്കില്‍ സ്വകാര്യ വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്, അതിന്റെ ദൃശ്യമാണ് സ്‌ക്രീനില്‍ പകുതി. ജാര്‍ഖണ്ഡില്‍ ഒരു ബി.എം.ഡബ്‌ള്യു കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിണ്ടുണ്ട്. അതിന്റെ ദൃശ്യമാണ് മറ്റേ പകുതി. അവതാരകരുടെ അട്ടഹാസം ബാക്ക്ഗ്രൗണ്ടില്‍.

നിങ്ങള്‍ക്ക് കാര്യം മനസ്സിലായില്ലെങ്കില്‍ പറയാം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യാന്‍ പോകുകയാണ്. അതിന് ബില്‍ഡ്-അപ്പ് കൊടുക്കാന്‍ വേണ്ടി ചാനലുകളെ ഏല്‍പ്പിച്ചിരിക്കുകയാണ് അമിത് ഷാ. അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ബി.എം.ഡബ്‌ള്യു സോറന്റെതാണ്, ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ കാണുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് അദ്ദേഹം സഞ്ചരിക്കുന്നത് എന്നാണ് ചാനലുകാര്‍ പറയുന്നത്, നിര്‍ത്തിയിട്ടിരിക്കുന്ന ബി.എം.ഡബ്‌ള്യുവിന് ഒരു കോടിക്കടുത്ത് വില വരുമത്രെ, ഒരു ദിവസം വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ അന്‍പത് ലക്ഷവും. ഇതിനുള്ള കാശ് അഴിമതിക്കാരനല്ലെങ്കില്‍ സോറനെങ്ങനെ കിട്ടി, അതാണ് അവതാരകരുടെ അട്ടഹാസത്തിന്റെ ചുരുക്കം.

ഒരവതാരകന്‍, നെഗറ്റീവ് ന്യൂസ് ചെയ്യാതിരിക്കാന്‍ വ്യവസായിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയതിന് തിഹാര്‍ ജയിലില്‍ കിടന്നതിന് തിഹാഡി എന്ന് നാട്ടുകാര്‍ വിളിക്കുന്ന സുധിര്‍ ചൗധരി, ഒരു പടികൂടി കടന്ന്, വെറും ഒരു ആദിവാസിയായിയ ഹെമെന്ത് സോറന്‍ ഈ പണമൊക്കെ എങ്ങനെ ഉണ്ടാക്കി എന്ന് ആത്മരോഷം കൊള്ളൂന്നതിനോടൊപ്പം മറ്റൊന്ന് കൂടെ പറഞ്ഞു, ഉടനെ തന്നെ മോഡി സോറനെ ജയിലിലെത്തിക്കും, അപ്പോള്‍ പട്ടികവര്‍ഗക്കാരനായ സോറന് കാട്ടിലെ അതെ ഫീല്‍ ജയിലിലും കിട്ടും എന്നായിരുന്നു അത്. അതിനിപ്പോള്‍ ആരോ ജാതി അധിക്ഷേപത്തിന് സുധിര്‍ ചൗധരിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. കേസിലൊന്നും കാര്യമില്ല, പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞെന്നേയുള്ളൂ.

സോറന്‍ ഇപ്പോള്‍ ജയിലിലാണ്. ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ കൃത്യമായി ടാക്‌സ് അടച്ചില്ല എന്നോ മറ്റോ ആണ് കേസ്, നമ്മുടെ സുരേഷ് ഗോപിയുടെ ഓഡി കേസ് പോലെ.

ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ കാര്യം എവിടെയെങ്കിലും കേട്ടാല്‍ വേറൊരു സന്ദര്‍ഭം എനിക്ക് ഓര്‍മ വരും ചെയ്യും. 2016 ല്‍ ഒരു ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട ഒരു വിമാനത്തില്‍ യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്, വിമാനം പുറപ്പെടുന്നില്ല. കോഴിക്കോട് റണ്‍വേയും എപ്രോനുമൊന്നും ഒഴിവില്ല അവിടെ ഒഴിവ് വരുമ്പോള്‍ ഇവിടുന്നു പുറപ്പെടാം എന്നതാണ് പൈലറ്റിന്റെ അന്നൗണ്‍സ്മെന്റ്.

സാധാരണ വളരെ തിരക്കേറിയ ജെ.എഫ്.കെ, ഹീത്രൂ എയര്‍പോര്‍ട്ടിലൊക്കെ സംഭവിക്കുന്ന കാര്യമാണ് നമ്മുടെ പാവം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സംഭവിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞു കോഴിക്കോട്ടെത്തിയപ്പോള്‍ ആകാംക്ഷ സഹിക്കാനാകാതെ ഒരു എയര്‍പോര്‍ട്ട് ജീവനക്കാരനോട് ഇവിടെയെന്താ ഇത്രയധികം വിമാനങ്ങള്‍ എന്ന് ചോദിച്ചു.

‘ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ നടക്കുകയാണ് , പത്തു പതിനഞ്ചു ചാര്‍ട്ടേര്‍ഡ് പ്ലെയിന്‍ വന്നിട്ടുണ്ട്’ അയാള്‍ പറഞ്ഞു. എവിടുന്നാ ഇവരൊക്കെ വരുന്നത്, ഞാന്‍ ചോദിച്ചു. ‘മിക്കവരും ദല്‍ഹിയില്‍ നിന്ന്, കുറെ പേര്‍ അഹമ്മദാബാദില്‍ നിന്ന് ‘

ബി.ജെ.പി നേതാക്കന്മാരുടെ ആഡംബരത്തെ പറ്റിയും, പണം ചിലവാക്കുന്ന രീതിയെ പറ്റിയും അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്. കോഴിക്കോടാണ് പരിപാടി. ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് അന്ന് പതിഞ്ചായിരത്തിന് താഴെ ടിക്കറ്റ് കിട്ടും, ഇനി ഫസ്റ്റ് ക്ലാസ്സോ ബിസിനസ് ക്ലാസ്സോ ആണെങ്കില്‍ മുപ്പതിനായിരം മതി. ഒന്നോ രണ്ടോ മണിക്കൂര്‍ അധികം എയര്‍പോര്‍ട്ടില്‍ ഇരിക്കേണ്ടി വരും എന്നതൊഴിച്ചാല്‍ ചാര്‍ട്ടേര്‍ഡ് വിമാനം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മിക്ക നേതാക്കളും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ്. ഇനി അഥവാ രണ്ടു മണിക്കൂര്‍ കൊണ്ട് മല മറിക്കുന്ന ആളുകളാണെന്ന് തന്നെ വക്കുക, ഒരൊറ്റ വിമാനത്തില്‍ എല്ലാവരും ചേര്‍ന്ന് വന്നാല്‍ മതി. പക്ഷെ ബി. ജെ. പി നേതാക്കന്മാര്‍ അങ്ങനെ വരില്ല, ഓരോരുത്തര്‍ക്കും ഓരോ വിമാനമാണ്.

സുധീര്‍ ചൗധരി പറഞ്ഞ കണക്കില്‍ ഒരു ദിവസത്തേക്ക് 50 ലക്ഷം, ഒരു രാത്രി കോഴിക്കോട്ട് താമസിച്ചു പിറ്റേന്ന് തിരിച്ചു പോയാല്‍ ഒരു കോടി. ഡിസ്‌കൗണ്ട് എന്തെങ്കിലും കിട്ടുമായിരിക്കും. ഒരു ശരാശരി ഗുജറാത്തിയുടെ ദിവസ കൂലി 240 രൂപയാണ്. ആ കണക്ക് വച്ച് ഒരു ബി.ജെ.പി നേതാവിന് അഹമ്മദാബാദില്‍ നിന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തിന് വരാന്‍ ഒരു ഗുജറാത്തി 115 കൊല്ലം തുടര്‍ച്ചയായി പണിയെടുക്കണം !

ഇതിപ്പോള്‍ ബി.ജെ.പിക്കാരുടെ മാത്രം ആഡംബരമല്ല. അവര്‍ക്ക് കുറച്ചു കൂടുതലാണെന്ന് മാത്രം. ഒരുപാട് കാലം അധികാരത്തിലില്ലാതെയിരുന്ന് പെട്ടെന്ന് എല്ലാ സുഖസൗകര്യങ്ങളും ഒന്നിച്ചു കിട്ടിയത് കൊണ്ടാകും. അവരെ വിശേഷിപ്പിക്കാന്‍ ഒരു പഴഞ്ചൊല്ലുണ്ട്, പൊളിറ്റിക്കലി കറക്ട് അല്ലാത്തത് കൊണ്ട് പറയുന്നില്ല.

ഉത്തരേന്ത്യന്‍ നേതാക്കന്മാരുടെ പ്രധാന വീക്‌നെസ്സാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും കോട്ടിട്ട സെക്യൂരിറ്റിക്കാരും. കോട്ടിട്ട സെക്യൂരിറ്റിക്കാരെ കൂടെ നടത്തുന്ന പരിപാടി തുടങ്ങിയത് അമര്‍സിങ്ങാണ്, അതിനു മുമ്പേ തോക്കു പിടിച്ച സെക്യൂരിറ്റിക്കാരായിരുന്നു ട്രെന്‍ഡ്.

പണ്ട് അംബാസിഡര്‍ കാറായിരുന്നു നേതാക്കന്മാരുടെ വാഹനം. പിന്നെയത് മെഴ്‌സിഡീസും ബി.എം.ഡബ്‌ള്യുയും ആയി. ബിജെപിക്കാര്‍ അതിലും ഒരു പടി മുന്നോട്ട് പോയി, ഇപ്പോള്‍ റേഞ്ച് റോവറാണ് അവരുടെ വാഹനം. മോഡി, അമിത്ഷാ, നദ്ദ, ആദിത്യനാഥ് തുടങ്ങി മിക്കവരും ഇപ്പോള്‍ റേഞ്ച് റോവറാണ് ഉപയോഗിക്കുന്നത്.

ഒരു ശരാശരി ബി.ജെ.പി നേതാവിന്റെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ ഇതൊക്കെയാണ് – ചാര്‍ട്ടേര്‍ഡ് അല്ലെങ്കില്‍ സ്വകാര്യ വിമാനം, എയര്‍പോര്‍ട്ട് ഇല്ലാത്ത സ്ഥലങ്ങളാണെങ്കില്‍ ഹെലികോപ്റ്റര്‍, റോഡില്‍ റേഞ്ച് റോവര്‍, ചുറ്റും പത്തു പതിനഞ്ചു കോട്ടിട്ട സെക്യൂരിറ്റിക്കാര്‍. തട്ടി മുട്ടി ജീവിക്കാന്‍ ദിവസം ഒന്ന് രണ്ടു കോടി വേണം. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ശരാശരി മനുഷ്യന്റെ ദിവസക്കൂലി – ഉത്തര്‍ പ്രദേശ് – 271 രൂപ, ഗുജറാത്ത് – 233 രൂപ, ആസ്സാം 263 രൂപ, ഇന്ത്യന്‍ ശരാശരി – 293 രൂപ.

ബി.ജെ.പിക്കാരെ പറ്റി മാത്രം പറയുന്നില്ല, താക്കറെമാര്‍, അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്വകാര്യ വിമാനങ്ങളിലല്ലാതെ സഞ്ചരിക്കാറില്ല (മഹാരാഷ്ട്രയിലെ ശരാശരി ദിവസക്കൂലി 362), ബിഹാറിലെ നിതീഷ് കുമാര്‍ (ശരാശരി ദിവസക്കൂലി 256), ഒറീസ്സയിലെ നാവിന്‍ പട്‌നയിക് (ശരാശരി ദിവസക്കൂലി 234) തുടങ്ങിയവരൊക്കെ സമാനമാണ്. സൈക്കിളിലും ചുമലിലുമൊക്കെ വെച്ച് ശവശരീരങ്ങള്‍ കൊണ്ട് പോകുന്ന സാധാരണക്കാരാണ് ഒറീസ്സയിലുള്ളത്.

ഇപ്പറഞ്ഞവര്‍ക്കൊക്കെ എന്തെങ്കിലുമൊക്കെ ശമ്പളവും കിമ്പളവുമൊക്കെ ഉണ്ടെന്ന് വയ്ക്കാം, അത്യാവശ്യം തിരക്കുമുണ്ടാകും. ഒരു പണിയും ശമ്പളവും ഇല്ലാത്ത ആര്‍. എസ്.എസ് മേധാവി ഇപ്പോള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് സഞ്ചരിക്കുന്നത്. മൂന്നാലു മാസം മുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശ്ശൂരില്‍ ആര്‍.എസ്.എസ് മേധാവിയെ സന്ദര്‍ശിച്ചു കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ഒരു ചാര്‍ട്ടേര്‍ഡ് വിമാനം കാത്തു കിടക്കുന്നുണ്ടായിരുന്നു.

ഒരു മിനുട്ട്. ഹേമന്ത് സോറന് ചാര്‍ട്ടേര്‍ഡ് വിമാനവും ബി.എം.ഡബ്ല്യൂവും വാങ്ങാന്‍ പണം എവിടുന്ന് കിട്ടി എന്ന് ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇതേ സാധനങ്ങള്‍ ആദിത്യനാഥിനും മോദിക്കും നദ്ദക്കും അമിത്ഷാക്കും ഹേമന്ത ബിസ്വാസ് ശര്‍മ്മക്കും മോഹന്‍ ഭഗവതിനും എങ്ങനെ കിട്ടി എന്നോ ആരാണിതിന് പണം മുടക്കുന്നതെന്നോ ചര്‍ച്ച ചെയ്യുന്നത് നിങ്ങളാരെങ്കിലും കേട്ടായിരുന്നോ? കേട്ടിട്ടുണ്ടാകില്ല. അതില്‍ രാഷ്ട്രീയം മാത്രമല്ല, ജാതിയുമുണ്ട്.

ജനങ്ങള്‍ക്കും ഇതിലൊരു പരാതിയുണ്ടെന്ന് തോന്നുന്നില്ല. തങ്ങളൊരിക്കലും അനുഭവിക്കാനിടയില്ലാത്ത സന്തോഷങ്ങള്‍ തങ്ങളുടെ ഹീറോകള്‍ അനുഭവിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷമായിരിക്കണം അവര്‍ക്ക്. മുമ്പ് രജനി പടങ്ങളില്‍ ഏറ്റവും കയ്യടി കിട്ടുന്നത് രജനി ബെന്‍സ് കാറില്‍ കോട്ടിട്ട് ടൈ കെട്ടി വന്നിറങ്ങുന്ന സീനിനാണെന്ന് കേട്ടിട്ടുണ്ട്. ഈയടുത്ത് സൂപ്പര്‍ ഹിറ്റായ ആനിമല്‍ എന്ന സിനിമയില്‍ സ്വകാര്യ വിമാനത്തില്‍ നായകന്‍ നായികയെ വിമാനമോടിക്കാന്‍ പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്, കാണുന്ന 240 രൂപ ദിവസക്കൂലിക്കാര്‍ക്ക് സായൂജ്യമടയാന്‍ അത് മതി.

അതെന്തെങ്കിലും ആകട്ടെ. സൊറാനിലേക്ക് ചെറിയൊരു കാര്യം കൂടി പറഞ്ഞു മടങ്ങി വരാം, അത് കഴിഞ്ഞു ഈ ആര്‍ട്ടിക്കിളിന്റെ തലക്കെട്ടില്‍ വേണുഗോപാലും എങ്ങനെ വന്നു എന്ന് പറയാം.

കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോട് സംസാരിച്ചു, മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. ഇപ്രാവശ്യം പ്രവര്‍ത്തനമൊന്നുമില്ലേ, ഞാന്‍ ചോദിച്ചു. ‘ഇപ്രാവശ്യം ഒന്നും തടയുമെന്ന് തോന്നുന്നില്ല’ അയാള്‍ പറഞ്ഞു.

ഇതിനു മുമ്പ് ഓരോ തെരഞ്ഞെടുപ്പിലും സാമാന്യം തരക്കേടില്ലാത്ത ഒരു തുക കിട്ടിക്കൊണ്ടിരുന്നതാണ്. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയുമൊക്കെയായി അമ്പതിനായിരത്തോളം വാര്‍ഡ് തല പ്രവര്‍ത്തകര്‍ക്കെത്തിക്കുമായിരുന്നു. അനൗണ്‍സ്മെന്റ്, ജീപ്പ്, ബാനര്‍ തുടങ്ങിയവക്ക് കിട്ടുന്ന തുകയില്‍ നിന്ന് അതിന് താഴെയുള്ളവര്‍ക്കും എന്തെങ്കിലും കിട്ടും.

ബൂത്ത് ഒന്നിന് വെച്ച് സ്ഥാനാര്‍ഥി ഒരു തുക കൊടുക്കും, അത് പലവക ചിലവായി പോകും. ഒന്ന് രണ്ടു മാസത്തെ കഠിനാധ്വാനമാണ്, ചിലവുണ്ട്, വെയിലും കൊള്ളണം. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തള്ളി മറിക്കുന്നവര്‍ക്ക് ഇതൊന്നും അറിയണ്ട. ഇപ്രാവശ്യം ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. അയാള്‍ പറഞ്ഞു. ‘എന്താ ഇപ്രാവശ്യത്തെ പരിപാടി’. ഞാന്‍ ചോദിച്ചു. ‘ബി.ജെ.പിയിലേക്ക് ഒരു പാലം വലിക്കണം. അവിടെ നല്ല കാശാ. ഒന്നോ രണ്ടോ ലക്ഷത്തിന് ഒരു പാടുമില്ല’

ഉത്തരേന്ത്യയിലെ മറ്റേതൊരു നേതാവിനെയിയും പോലെത്തന്നെയാണ് സോറനും. ചാര്‍ട്ടേര്‍ഡ് വിമാനവും ബംഗ്ലാവും ബി.എം.ഡബ്ലിയുമൊക്കെ ഉണ്ട്. കാലക്കേടിന് ബി.ജെ.പി മുന്നണിയിലല്ല എന്നേയുള്ളൂ, അതുകൊണ്ട് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നു, ചാനലുകാരെല്ലാം അഴിമതിക്കാരാണെന്ന് വിളിക്കുന്നു.

രാഷ്ട്രീയ നേതാക്കളുടെ സാധാരണ മൊഡാസ ഓപ്പറേണ്ടി വച്ചേ ഹേമന്ദ് സോറനും പ്രവര്‍ത്തിച്ചിട്ടുള്ളൂ. പ്രതിപക്ഷത്താവുമ്പോള്‍ വ്യവസായികളോട് കാശ് വാങ്ങി ചിലവാക്കും, ഭരണത്തില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ഈ വ്യവസായികള്‍ക്ക് എഴുതിക്കൊടുക്കും.

ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ പൊതുവെ പ്രകൃതി വിഭവങ്ങളാണ് എഴുതിക്കൊടുക്കുക. ഖനികള്‍, കാടുകള്‍, മരം തുടങ്ങിയവ. ബെല്ലാരിയിലെ ഇരുമ്പു ഖനികളില്‍ നിന്ന് ആവശ്യം പോലെ ഇരുമ്പയിര് കുഴിച്ചെടുത്തു കടത്താന്‍ റെഡ്ഢി സഹോദരന്മാര്‍ക്ക് യെദിയൂരപ്പ സൗകര്യം ചെയ്തു കൊടുത്തതിന് ശേഷമാണ് കേരളത്തിലുള്‍പ്പടെയുള്ള ദക്ഷിണേന്ത്യയിലെ ബി.ജെ.പിക്കാര്‍ സമ്പന്നരായത്. അതിന് മുമ്പ് വോട്ടു കച്ചവടം നടത്തി കിട്ടുന്ന ചില്ലറ മാത്രമേ കേരളത്തിലെ ബി.ജെ.പിക്കാരുടെ പോക്കറ്റിലെത്താറുണ്ടായിരുന്നുള്ളൂ.

യു.പി.എ പ്രതിപക്ഷത്തായപ്പോള്‍ പണമൊഴിയുക്കിയത് ആന്ധ്രായില്‍ നിന്ന് ജി.വി.കെ ആയിരുന്നു, പകരമായി യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ ജി.വി.കെ റെഡ്ഢിക്ക് മുംബൈ എയര്‍പോര്‍ട്ട് കിട്ടി. ഇതിന് മുമ്പ് എഴുതിയിട്ടുള്ളതാണ്, വിശദീകരിക്കുന്നില്ല. ( https://www.doolnews.com/crony-capitalism-and-politics-in-india-adani-gvk-as-examples-farook-writes-896.html ).

അദാനിക്ക് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകള്‍ മുഴുവന്‍ കിട്ടി. തുറമുഖങ്ങളും, ഖനികളും വനങ്ങളും റെയില്‍വേയും വേറെന്തൊക്കെയുണ്ടോ അതൊക്കെയും അദാനിക്ക് എഴുതിക്കൊടുത്തു കൂടെയിരിക്കുകയാണ്. തിരിച്ചു അദാനി ബി.ജെ.പി വേണ്ടത് എന്തൊക്കെയാണോ അതൊക്കെയും കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്.

ക്വിഡ്-പ്രൊ-ക്വോ എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന ഈ പരിപാടി ഒരു എന്റര്‍പ്രൈസ് ലെവലിലേക്ക് കൊണ്ട് വന്നത് മോദിയും അമിത് ഷായുമാണ്. മുകളിലുള്ള നേതാക്കള്‍ക്ക് സ്വകാര്യ വിമാനങ്ങള്‍, റേഞ്ച് റോവര്‍, കോട്ടിട്ട സെക്യൂരിറ്റിക്കാര്‍, മക്കള്‍ക്ക് വിദേശ വിദ്യാഭ്യാസം, താഴെത്തട്ടിലേക്ക് വെള്ളം പോലെ ഒഴുകുന്ന പണം.

എവിടെയും കള്ളപ്പണം സൂക്ഷിക്കാം, ഹെലികോപ്റ്ററിലോ കാറിലോ സൗകര്യം പോലെ കൊണ്ട് പോകാം. കാറിന്റെ ഡിക്കിയില്‍ ഇരുപത്തഞ്ചു കോടി പിടിച്ചാല്‍ പോലും ബി.ജെ.പിക്കാരുടെ കാറാണെങ്കില്‍ ഇ.ഡി കേസെടുക്കില്ല. ഇനി അഥവാ ബി.ജെ.പി അല്ലാത്തവരുടെ കയ്യില്‍ നിന്ന് കള്ളപ്പണം പിടിച്ചാലും അവര്‍ ബി.ജെ.പിയിലേക്ക് മാറിയാല്‍ സേഫ് ആയി.

കള്ളപ്പണം ഒഴുക്കുക മാത്രമല്ല മോദിയും അമിത്ഷാ യും ചെയ്തത്, അഴിമതി കുത്തകയാക്കുകയും ചെയ്തു. കോണ്‍ഗ്രസ്സുകാര്‍ എന്തൊക്കെയാണെങ്കിലും ജനാധിപത്യ വാദികളാണ്. ഏതു മത്സരത്തിലും ഒരു ലെവല്‍ പ്ലെയിങ് ഫീല്‍ഡ് വേണമെന്നും ഇല്ലെങ്കില്‍ ആ കളിക്ക് പിന്നെ കളിക്കാരെയും കാണികളെയും കിട്ടാതാകുമെന്നുമെന്നും അവര്‍ക്കറിയാമായിരുന്നു.

തങ്ങള്‍ അഴിമതി നടത്തുന്നെങ്കില്‍ മറ്റുള്ളവരും നടത്തട്ടെ, തങ്ങള്‍ കള്ളപ്പണം വിതരണം ചെയ്യുന്നുണ്ടെങ്കില്‍ മറ്റുള്ളവരും ചെയ്യട്ടെ, എന്നിട്ട് നിരന്ന ഗ്രൗണ്ടില്‍ മത്സരിച്ചു ജയിക്കട്ടെ എന്ന ലളിതമായ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായിരുന്നു.

യെദിയൂരപ്പ കര്‍ണാടക മുഴുവന്‍ തുരന്ന് ഇരുമ്പയിര് കടത്താന്‍ റെഡ്ഢി സഹോദരന്മാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുമ്പോഴും മോഡി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തിലെ കടലും പുഴയും കാടും നാടുമൊക്കെ അദാനിക്കെഴുതിക്കൊടുമ്പോഴും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് മിണ്ടാതിരുന്നു. തിരിച്ചു മോഡി ഭരിക്കുമ്പോഴോ?

സോറന്‍ ജയിലിലാണ്, കെജ്രിവാള്‍ ജയിലിലേക്കുള്ള വഴിയിലാണ്. കെജ്രിവാളിന്റെ രണ്ടു സീനിയര്‍ മന്ത്രിമാര്‍ ജയിലിലാണ്. ഡി.എം.കെയുടെ രണ്ടോ മൂന്നോ മന്ത്രിമാര്‍ ജയിലിലാണ്. ഡി.കെ ശിവകുമാറും ചിദംബരവും ജയിലിലായിരുന്നു. ലാലു ജയിലില്‍ നിന്നിറങ്ങി തിരിച്ചു ജയിലിലേക്കുള്ള വഴിയിലാണ്. രാഹുലും സോണിയയും ജാമ്യത്തിലാണ്. ഇ.ഡി നോട്ടീസ് കിട്ടാത്തതോ ചോദ്യം ചെയ്യാത്തതോ ആയി ആരുമില്ല പ്രതിപക്ഷത്ത്.

പ്രതിപക്ഷത്തിന് സംഭാവന കൊടുക്കാന്‍ സാധ്യതയുള്ള മുഴുവന്‍ വ്യവസായികളും ഇ.ഡി യുടെ ഭീഷണിയിലാണ്. മറിച്ച്, ഇ.ഡി ചോദ്യം ചെയ്തതിന് ശേഷം ബി.ജെ.പിയിലേക്ക് ചാടിയ മുഴുവന്‍ പ്രതിപക്ഷക്കാരും സേഫ് ആണ്, അവരുടെ കേസ് മുഴുവന്‍ ആവിയായിപ്പോയിട്ടുമുണ്ട്. മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്തിട്ടുണ്ട്, സ്വാതന്ത്ര്യമെന്ന് പറയാന്‍ ഒരു സംവിധാനം പോലും ബാക്കിയില്ല. മുപ്പത് ഡിഗ്രി ചരിഞ്ഞ ഫുട്‌ബോള്‍ ഗ്രൗണ്ട് പോലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം.

കെ.സി വേണുഗോപാലിന്റെ മുന്ഗാമിയായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന്റെ ഫണ്ട് മുഴുവന്‍ മാനേജ് ചെയ്തിരുന്നത് പട്ടേലായിരുന്നു. ഫണ്ട് എന്ന് പറഞ്ഞാല്‍ കള്ളപ്പണം. പട്ടേല്‍ കള്ളപ്പണം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ആരും തടഞ്ഞിരുന്നില്ല.

കോണ്‍ഗ്രസ്സുകാരെ മാത്രമല്ല ബി.ജെ.പിക്കാരെയും മറ്റൊരു രാഷ്ട്രീയക്കാരെയും ഇ.ഡി ഭീഷണിപ്പെടുത്തിയിരുന്നില്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുഴുവന്‍ കൃത്യമായി ദല്‍ഹിയില്‍ നിന്ന് പണമെത്തിയിരുന്നു. അത് കൃത്യമായി താഴെത്തട്ട് വരെ വിതരണം ചെയ്തിരുന്നു. ഏതെങ്കിലും കോണ്‍ഗ്രെസ്സുകാര്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങിയാല്‍ പട്ടേല്‍ വിളിക്കും. വേണ്ടത് കൊടുക്കും, കേസ് വല്ലതുമുണ്ടെങ്കില്‍ അത് ക്ലിയര്‍ ചെയ്യും.

പട്ടേലിന്റെ നല്ല കാലത്തായിരുന്നെങ്കില്‍ പത്മജയും അനിലുമൊന്നും കോണ്‍ഗ്രസ് വിടുമായിരുന്നില്ല, പ്രേമചന്ദ്രന്‍ ആടി നില്‍ക്കുമായിരുന്നില്ല. കാലം തെറ്റി ജനിച്ച അഹമ്മദ് പട്ടേലാണ് കെ.സി വേണുഗോപാല്‍.

വേണുഗോപാല്‍ വിളിച്ചാല്‍ വ്യവസായികള്‍ ഫോണെടുക്കില്ല, നേതാക്കന്മാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൊടുക്കാന്‍ പാങ്ങില്ല, സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ കാശില്ല, പത്ര മുതാളിമാരെ ഭീഷണിപ്പെടുത്താന്‍ ഇ.ഡി കയ്യിലില്ല, എഡിറ്റര്‍മാര്‍ക്ക് കൊടുക്കാന്‍ സൗജന്യങ്ങളും അവാര്‍ഡുകളുമില്ല.

അനിലും പദ്മജയും മാത്രമല്ല, കോണ്‍ഗ്രസ് വിട്ടു പോകുന്ന ഓരോരുത്തരും വേണുഗോപാലിന്റെ ദുഖങ്ങളാണ്. കൊടുക്കാന്‍ ഒന്നും കയ്യിലില്ലാത്ത ദാനശീലന്റെ ദുഃഖം.

ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിലെ എം. മുകുന്ദന്റെ പ്രശസ്തമായ കഥാപാത്രമാണ് അല്‍ഫോന്‍സച്ചന്‍. അതിസമ്പന്നനായിരുന്ന അല്‍ഫോണ്‍സച്ചന്‍ മയ്യഴിയിലെ ഒരു മാന്ത്രികന്‍ കൂടിയായിരുന്നു. വായുവില്‍ നിന്ന് മിഠായികള്‍ എടുത്തു കുട്ടികള്‍ക്ക് കൊടുക്കുന്നതായിരുന്നു അല്‍ഫോന്‍സച്ചന്റെ മാജിക്.

സമ്പന്നായിരുന്ന കാലത്ത് അല്‍ഫോന്‍സച്ചന്‍ വായുവില്‍ നിന്ന് ചോക്കലേറ്റും കാഡ്ബറീസുമൊക്കെ കുട്ടികള്‍ക്ക് എടുത്തു കൊടുക്കും. അല്‍ഫോണ്‍സച്ചനെ കാണുമ്പോള്‍ കുട്ടികള്‍ ഓടിക്കൂടും. ക്രമേണ അല്‍ഫോണ്‍സച്ചന്‍ ദരിദ്രനായി തുടങ്ങി. ചോക്കലേറ്റും കാഡ്ബെറീസും മാറി നാരങ്ങാ മിഠായിയും ഇഞ്ചി മിഠായിയുമൊക്കെയായി പിന്നീട് വായുവില്‍.

അല്‍ഫോന്‍സച്ചന്റെ ചുറ്റും കൂടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ പിന്നെ അല്‍ഫോന്‍സച്ചന് വായുവില്‍ നിന്ന് നാരങ്ങാ മിഠായിയും എടുക്കാന്‍ കഴിയാതായി. അവസാനം അല്‍ഫോണ്‍സച്ചനെ കാണുമ്പോള്‍ കുട്ടികള്‍ ഓടിയൊളിക്കാന്‍ തുടങ്ങി. മയ്യഴിയില്‍ സമ്പന്നരായ പുതിയ മന്ത്രികര്‍ വന്നു. കുട്ടികള്‍ അവരുടെ പിറകെ പോയി.

 

 

 

 

 

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ