തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാത്യാട്ട് വയനാട്ടിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാകും.
തൃശൂരില്‍ മത്സരിക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണെന്നും ജയിക്കാന്‍ വേണ്ടിയാണ് തൃശൂരില്‍ മത്സരിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാല്‍ പൈലി വാത്യാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.
ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നു ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.
തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നു ജനറല്‍ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും തുഷാര്‍ പറഞ്ഞു.