തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.
റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. മുന്‍കാല റിപ്പോര്‍ട്ടുകളുടെ ഗതി ഉണ്ടാകില്ല. ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്.
കെ.വി തോമസിനെ കൂടാതെ പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് ഷാനിമോള്‍ അന്വേഷണ സമിതിയോട് വ്യക്തമാക്കിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ തുടങ്ങി ബൂത്ത് തലം വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഭൂരിപക്ഷം കുറഞ്ഞുപോയ ചേര്‍ത്തല, കായംകുളം നിയമസഭാമണ്ഡലങ്ങളിലെ കമ്മിറ്റികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.