|

ശബരിമല: ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഇടതുമന്നണി നല്‍കിയ പരാതി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍. എ.ഡി.എം പ്രാഥമിക റിപ്പോര്‍ട്ട് വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറി.

കലക്ടര്‍ ഡി.സജിത് ബാബു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ചട്ടലംഘനം നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. എല്‍.ഡി.എഫിന്റെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ നല്‍കിയ പരാതിയിലാണ് നടപടി.

ശബരിമലയില്‍ യുവതി പ്രവേശനം നടന്ന ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും തന്റെ വീട് മരണ വീടുപോലെയായിരുന്നെന്നുമായിരുന്നു ഉണ്ണിത്താന്‍ പ്രസംഗിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂര്‍ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണ് ഉണ്ണിത്താന്‍ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികളും വിശദീകരിച്ച് പ്രസംഗിച്ചത്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതെന്നും ഉണ്ണിത്താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.

ശബരിമല തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടന്നായിരുന്നു പ്രസംഗം. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുന്നതിനൊപ്പം, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനുള്ള ശ്രമവും പ്രസംഗത്തിലുണ്ടെന്നും ടി.വി.രാജേഷ് എം.എല്‍.എയുടെ പരാതിയില്‍ പറഞ്ഞിരുന്നു. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

അതേസമയം ഒരുതരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ലെന്നും, പരാജയഭീതി കാരണമാണ് എല്‍.ഡി.എഫ് തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നുമാണ് ഉണ്ണിത്താന്‍ നല്‍കുന്ന വിശദീകരണം.