| Tuesday, 2nd April 2019, 12:59 pm

രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു; പ്രസ്താവനയില്‍ വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. രമ്യക്ക് വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടെന്നും വിജയരാഘവന്‍ പ്രതികരിച്ചു. രമ്യയ്‌ക്കെതിരായ അശ്ലീലപരാമര്‍ശം വിവാദമായ സാഹചര്യത്തിലായിരുന്നു വിജയരാഘവന്റെ വിശദീകരണം.

Read Also : 48 വയസുണ്ടായിട്ടും “യുവ സുന്ദരി”; സ്ത്രീകള്‍ ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് ശ്രീധരന്‍ പിള്ള

“ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി യു.ഡി.എഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സി.പി.ഐ.എം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്തയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്” വിജയരാഘവന്‍ വിശദീകരിച്ചു.

തന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ “മറ്റൊരു റൂട്ടിലേക്ക്” തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരണമെന്നാണു നിലപാട്. തന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്. വ്യക്തിപരമായ വിമര്‍ശനം എല്‍.ഡി.എഫിന്റെ നയമല്ല. എന്നാല്‍ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാര്‍ക്കശ്യത്തോടെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയാറായില്ല. വിജയരാഘവന്റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തിന് ഇതേക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം മറുപടി പറയുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

അതേസമയം തനിക്കെതിരായ അശ്ലീല പരാമര്‍ശം വേദനിപ്പിച്ചെന്നും ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നതെന്നും അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നും രമ്യ ഹരിദാസ് ചോദിച്ചു.

പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്””- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.

We use cookies to give you the best possible experience. Learn more