| Saturday, 13th April 2019, 5:11 pm

കൊലക്കേസ് മുതല്‍ കലാപശ്രമം വരെ; ക്രിമിനല്‍ക്കേസില്‍പ്പെട്ട കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍

ജിതിന്‍ ടി പി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 213 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഏപ്രില്‍ 23 നാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പത്രികാസമര്‍പ്പണവും പൂര്‍ത്തിയായ കേരളത്തില്‍ ഇത്തവണ എം.എല്‍.എമാരും സിറ്റിംഗ് എം.പിമാരും മത്സരരംഗത്തുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജയം മാത്രം മുന്നില്‍ക്കണ്ടാണ് എം.എല്‍.എമാര്‍ക്കും സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കിയതെന്നാണ് മൂന്ന് മുന്നണികളുടേയും വിശദീകരണം.

എന്നാല്‍ ജയസാധ്യത മാത്രം പരിഗണിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ കേസുകളുടെ കാര്യം മുന്നണികള്‍ മനപ്പൂര്‍വം മറന്നുവെന്നതാണ് വസ്തുത. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക കണക്കിലെടുക്കാതിരുന്നാല്‍ കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കുമായി 60 സ്ഥാനാര്‍ത്ഥികളാണുള്ളത്.

പി.ജയരാജന്‍

മിക്കവാറും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരാകുമ്പോള്‍ ജനകീയ വിഷയങ്ങളിലും സമരങ്ങളിലും പങ്കെടുത്തതുമായി ബന്ധപ്പെട്ട് കേസ് ഉണ്ടാകാമെങ്കിലും കൊലപാതകം, വധശ്രമം, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ആരോപണം നേരിടുന്ന സ്ഥാനാര്‍ത്ഥികളും കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, വടകടരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍, കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബു, ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍, ഇടുക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എല്ലാ മണ്ഡലത്തിലേയും ഒരു സ്ഥാനാര്‍ത്ഥിയെങ്കിലും നിലവില്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്.

കെ.സുരേന്ദ്രന്‍

240 കേസുള്ള കെ. സുരേന്ദ്രനാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ളത്. ഡീന്‍ കുര്യാക്കോസിന് 109 ഉം ശോഭാ സുരേന്ദ്രന് 40 ഉം പ്രകാശ്ബാബുവിന് 17 ഉം പി. ജയരാജനും ജോയ്‌സ് ജോര്‍ജിനും 9 വീതവും അടൂര്‍ പ്രകാശിന് 7 ഉം കേസുകള്‍ നിലവിലുണ്ട്.

ഇത്തരത്തില്‍ കൊലപാതകക്കേസുകളടക്കമുള്ള ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായവരെ മത്സരിപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രകാശ് ബാബുവിന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്‌

‘പൊതുവെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍കേസുകള്‍ ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. പക്ഷെ കൊലപാതകക്കേസുള്‍പ്പടെയുള്ളവയില്‍ പ്രതിയായ ആളുകളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതിലൂടെ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം വളരെ അപകടകരമാണ്. ഒരു കാരണവശാലും അംഗീകരിക്കപ്പെടേണ്ട കാര്യമല്ല.’

ഇത്തരത്തിലുള്ള കൊലപാതകങ്ങളും അക്രമങ്ങളുമെല്ലാം ഞങ്ങള്‍ നടത്തും അത് ശരിവെയ്ക്കുന്ന രൂപത്തില്‍ സാധൂകരിക്കാന്‍ വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പിലുള്‍പ്പടെ ഗുരുതരകുറ്റങ്ങളില്‍ പ്രതിയായ ആളുകളെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതെന്നും കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരെ 240 കേസുകളാണ് നിലവിലുള്ളത്. ആദ്യം നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ 20 കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് സുരേന്ദ്രന്‍ കാണിച്ചിരുന്നത്. എന്നാല്‍ 240 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

സുരേന്ദ്രന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്‌

തുടര്‍ന്ന് സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശപത്രിക നല്‍കുകയായിരുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയലിലടച്ചിരുന്നു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലും സുരേന്ദ്രന്‍ പ്രതിയാണ്. വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘം ചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്.

വടകരയില്‍ എല്‍.ഡി.എഫിനായി മത്സരിക്കുന്ന ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വവും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്റെ പേരില്‍ പത്ത് ക്രിമിനല്‍ക്കേസുകളുണ്ടെന്നാണ് പി.ജയരാജന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതകക്കേസുകളാണ്.

പ്രകാശ്ബാബു

കതിരൂര്‍ മനോജ് വധക്കേസ്, പ്രമോദ് വധക്കേസ് എന്നിവയില്‍ ഗൂഢാലോചന നടത്തി, അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു തുടങ്ങിയവയാണ് ജയരാജനെതിരെയുള്ള കേസുകള്‍.

പട്ടുവം അരിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പി.ജയരാജനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഷുക്കൂര്‍ കൊലചെയ്യപ്പട്ട കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയ പി.ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

ജയരാജന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്

ജയരാജനടക്കമുള്ള സി.പി.ഐ.എം നേതാക്കളുടെ വാഹനം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ നേതാക്കള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അക്രമികളില്‍ ഒരാളായിരുന്ന ഷുക്കൂറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ചു കൊലപ്പെടുത്തി. ഇതു സംബന്ധിച്ച ഗൂഢാലോചന നടന്നത് നേതാക്കളെ പ്രവേശിപ്പിച്ചിരുന്ന തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു എന്നും ഗൂഢാലോചനയുടെ വിവരം അറിഞ്ഞിട്ടും നേതാക്കള്‍ അതുമറച്ചുവച്ചു എന്നുമാണ് കേസ്.

കേസില്‍ ജയരാജനെതിരെ തലശ്ശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് അനുബന്ധ കുറ്റപത്രം ഹൈക്കോടതി മടക്കിയിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തിലും ജയരാജന്‍ പ്രതിയാണ്. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും കേസില്‍ അദ്ദേഹത്തിനു നേരിട്ട് പങ്കുണ്ടെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും ഈ റിപ്പോര്‍ട്ടിലുണ്ട്.

ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു തരത്തിലും യോജിച്ച നടപടിയായി തോന്നുന്നില്ലെന്ന് കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘രണ്ട് കൊലപാതകക്കേസില്‍ പ്രതിയാണ് അദ്ദേഹം. ഷുക്കൂര്‍ വധത്തില്‍ 32ാം പ്രതിയും കതിരൂര്‍ മനോജ് വധത്തില്‍ 25ാം പ്രതിയുമാണ് ജയരാജന്‍. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇപ്രകാരമാണ് ഉള്ളത്. അത്തരത്തിലുള്ള ഒരാളെ ഒരു കാരണവശാലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേണ്ടി പാടില്ല.’

കേസ് കഴിഞ്ഞ് കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമെ അത്തരത്തിലുള്ള ആളുകളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പോലുള്ള മത്സരങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനും നിയമനിര്‍മാണ സഭകളിലേക്ക് അയക്കാനും പാടുള്ളൂ. അത് ഒരു കാരണവശാലും ശരിയായ നടപടിയല്ല. അങ്ങനെയുള്ള ആളുകളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകരുതെന്നും കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്

തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായി സുരേഷ് ഗോപിയ്‌ക്കെതിരെ ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ട്. പോണ്ടിച്ചേരിയിലെ വാഹനരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേസാണിത്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ 40 കേസുകളാണുള്ളത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഉപരോധിച്ചതടക്കം പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് സംഘം ചേര്‍ന്നതാണ് ശോഭാ സുരേന്ദ്രനെതിരേയുള്ള കേസുകള്‍.

പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് സംഘം ചേര്‍ന്നതിന് ഇടുക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ 109 കേസുകളാണുള്ളത്. കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ്ബാബുവിനെതിരെ 17 കേസുകളാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് പ്രകാശ്ബാബു ജയിലിലായിരുന്നു.

കൊലപാതകക്കേസ് കൂടാതെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

പി.വി അന്‍വറിന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്

പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏറെ ചര്‍ച്ചയായിരുന്നു. 2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഉയര്‍ന്ന ആദ്യ ആരോപണങ്ങളില്‍ ഒന്ന് നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വറിനെതിരായായിരുന്നു. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് അന്‍വര്‍ ഇനിയും മുക്തനായിട്ടില്ല.

പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ചതാണെന്നാണ് ആരോപണം. ഈ കേസില്‍ നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അപകടസാധ്യതേയേറിയ മേഖലയിലയാണ് കക്കാടംപൊയില്‍.

ഇത് കൂടാതെ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഒരാളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന ക്രിമിനല്‍ കേസും അന്‍വറിനെതിരേയുണ്ട്.

നിലവിലെ ഇടുക്കി എം.പി കൂടിയായ ജോയ്സ് ജോര്‍ജ് പ്രതിസ്ഥാനത്തുള്ള കേസാണ് കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട് കേസ്. പട്ടയഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നതാണ് ജോയ്സ് ജോസഫിന് എതിരെയുള്ള കേസ്. പ്രദേശത്തെ അഞ്ച് വില്ലേജുകളിലെ ഒട്ടേറെ പേര്‍ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശപ്പെടുത്തിയതായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍ കണ്ടെത്തിയിരുന്നു.

ജോയ്‌സ് ജോര്‍ജിന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്

ഇതേ തുടര്‍ന്ന് ഈ വില്ലേജുകളിലെ എല്ലാ ഭൂവുടമകളുടെയും രേഖകള്‍ പരിശോധിക്കുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. 2015ലാണ് ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവെന്ന നിലയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്തതിന് പിന്നാലെയാണ് ആരോപണം ഉയര്‍ന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രചാരണ വിഷയമായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉയര്‍ന്ന് വരുന്നത് കൊട്ടക്കമ്പൂരിലെ പട്ടയ ഭൂമി തന്റെ പിതാവ് വിലകൊടുത്ത് വാങ്ങിയതാണെന്നുമാണ് ജോയ്സ് ജോര്‍ജ് പറയുന്നത്. ആരോപണങ്ങളെ ചെറുത്തതോടെ ഇടുക്കിയില്‍ വിജയം ജോയ്സ് ജോര്‍ജിനൊപ്പം നിന്നു. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കൊട്ടക്കമ്പൂര്‍ അമ്പത്തെട്ടാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാന്‍ ജോയ്സിനായിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജോയ്സ് ജോര്‍ജ്

ഇതോടൊപ്പം ക്രിമിനല്‍ കേസും ജോയ്‌സിനെതിരെയുണ്ടെന്ന് അദ്ദേഹത്തിന്റെ സത്യാവാങ്മൂലത്തില്‍ പറയുന്നു.

ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കെ.കെ രമ പറയുന്നു. ഇതൊരുതരം വെല്ലുവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ക്രിമിനല്‍കേസിലെ പ്രതികളുള്‍പ്പടെയുള്ളവരെ മത്സരിപ്പിക്കുന്നത് വലിയ ഒരു വെല്ലുവിളിയായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്. കാരണം ഈ കൊലപാതകങ്ങളും അക്രമങ്ങളുമൊക്കെ ഞങ്ങളുടെ പാര്‍ട്ടി വളര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ളതാണെന്നൊരു പ്രതീതി ഇതുവഴി സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനിയും തുടരും എന്നൊരു സന്ദേശവും ഇതിനൊപ്പം നല്‍കുന്നുണ്ട്.’

ഒരു കുറ്റകൃത്യം നടത്തുമ്പോള്‍ ഒരു പ്രയാസവും കുറ്റബോധവും അവര്‍ക്കുണ്ടാകുന്നില്ല. നേതൃത്വവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്നാണ് ഈ സ്ഥാനാര്‍ത്ഥിത്വങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. ആ വെല്ലുവിളിയാണ് ജനങ്ങള്‍ ചോദ്യം ചെയ്യേണ്ടതെന്നും രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കെ.കെ രമ

ഇതൊക്കെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇത്തരത്തിലുള്ള ആളുകളെ ഞങ്ങള്‍ തെരഞ്ഞെടുക്കില്ല എന്ന് തീരുമാനിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കാകണം. എങ്കില്‍ മാത്രമെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതൊരു താക്കീതായി മാറുകയുള്ളൂ. ക്രിമിനല്‍കേസിലും കൊലപാതകക്കേസിലും പ്രതിയായവരെ ഞങ്ങള്‍ക്ക് വേണ്ട എന്ന് തീരുമാനിക്കാന്‍ കേരളത്തിലെ ജനത തയ്യാറായാല്‍ മാത്രമെ ഈ നടപടികള്‍ക്ക് അവസാനമുണ്ടാകൂയെന്നും രമ കൂട്ടിച്ചേര്‍ത്തു.

ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിയമപരമായി തടസമൊന്നുമില്ല. ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളിയത് 2018 സെപ്തംബര്‍ 24 നാണ്. സുപ്രീം കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഹര്‍ജി തളളിയത്.

അതേസമയം രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വത്കരണം തടയാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പ്രതിയായത് കൊണ്ട് മാത്രം മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കേണ്ട. കേസുകളുടെ സ്വഭാവവും വിവരങ്ങളും സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൊലപാതകം, ബലാല്‍സംഗം, വര്‍ഗീയലഹളകള്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളില്‍ പങ്കാളികളായി, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം വാദങ്ങള്‍ കോടതി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ക്രിമിനലുകളായ രാഷ്ട്രീയക്കാര്‍ ജനാധിപത്യത്തിന്റെ ശാപമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും രാഷ്ട്രീയപാര്‍ട്ടികള്‍ മാധ്യമങ്ങളിലൂടെയും മറ്റും പൊതുസമൂഹത്തെ അറിയിക്കണമെന്നും ഇവരെ തടയാന്‍ പാര്‍ലമെന്റ് അടിയന്തരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more