ലോക്‌സഭ തെരഞ്ഞെടുപ്പ്; ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ധാരണ
D' Election 2019
ലോക്‌സഭ തെരഞ്ഞെടുപ്പ്; ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ധാരണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 7:57 am

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് – ബി.ജെ.പി സീറ്റ് ധാരണയിലെത്തി. അഞ്ചു സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാനാണ് ധാരണ. രാത്രി പത്തിനാരംഭിച്ച ചര്‍ച്ച 11.30നാണ് സമാപിച്ചത്.

ഇരു പാര്‍ട്ടികമ്മറ്റികളും തീരുമാനം അംഗീകരിച്ച ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നു.

ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Also Read  പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം സ്തംബ്ദം; പക്ഷെ ബി.ജെ.പി നേതാക്കള്‍ ആഘോഷത്തില്‍

സീറ്റ് ചര്‍ച്ച പോസിറ്റീവ് ആയിരുന്നെന്നും ബി.ജെ.പിയുമായി ഒരു പിണക്കവുമില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കുമെന്നും പാര്‍ട്ടിയെ നയിക്കുന്നയാളെന്ന നിലയില്‍ എല്ലായിടത്തും പ്രവര്‍ത്തിക്കാനും ഭംഗിയായി കാര്യങ്ങള്‍ നടത്താനുമാണ് താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞതെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.



താന്‍ മത്സരിക്കണമോയെന്ന് പിന്നീട് പാര്‍ട്ടി തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് ധാരണ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പിന്നീട് വ്യക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.