ന്യൂദല്‍ഹി: തിരുവനന്തപുരം മണ്ഡലത്തിലെ പ്രചരണത്തിന് പാര്‍ട്ടിയില്‍ നിന്നും സഹകരണമില്ലെന്നും, പ്രവര്‍ത്തനങ്ങളില്‍ ഏകോപനവുമില്ലെന്നും ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ എ.ഐ.സി.സിക്ക് നല്‍കിയ പരാതിയിന്മേല്‍ നടപടിയായി. മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകനെ നിയോഗിച്ചു.
നാന ഫല്‍ഗുന്‍ റാവു പട്ടോളിയെയാണ് എ.ഐ.സി.സി നിരീക്ഷകനായി അയച്ചത്. നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് നാനാ. നേരത്തെ ബി.ജെ.പി എം.പിയായിരുന്ന നാന 2018 ജനുവരിയിലാണ് ബിജെപിയില്‍ നിന്നും തെറ്റി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാഗ്പൂര്‍ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്കെതിരെയാണ് നാന മത്സരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഭണ്ഡാരാ ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു ഇദ്ദേഹം. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് തോല്‍പ്പിച്ചത്.
അതേസമയം പ്രചാരണത്തില്‍ പോരായ്മയുള്ളതായി ശശി തരൂര്‍ പരാതി തന്നിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഇരുപത് മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ലെന്നും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു
തരൂരിനു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രചാരണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. തരൂര്‍ പരാതി പറഞ്ഞിട്ടില്ല. അവിടെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കില്ല. തരൂര്‍ തന്നെ ജയിക്കും. താന്‍ തിരുവനന്തപുരത്തു പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.