national news
സതി മഹത്തരമെന്ന് ബി.ജെ.പി എം.പി; ലോക്‌സഭയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 08, 04:29 am
Wednesday, 8th February 2023, 9:59 am

ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കണമെന്ന ആചാരമായ സതി മഹത്തരമാണെന്ന് രാജസ്ഥാന്‍ ബി.ജെ.പി എം.പി. ലോക്‌സഭയിലായിരുന്നു ബി.ജെ.പി എം.പി ചന്ദ്രപ്രകാശ് ജോഷിയുടെ വിവാദ പരാമര്‍ശം. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്‍ന്നതോടെ സഭാനടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിയതിന് പിന്നാലെയാണ് സതിയെ പ്രശംസിച്ച് ബി.ജെ.പി എം.പി രംഗത്തെത്തിയത്. രാജ്ഞിയായ പത്മാവതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി.

അലാവുദ്ധീന്‍ ഖില്‍ജി ചിറ്റോര്‍ കോട്ട പിടിച്ചെടുത്തപ്പോള്‍ തന്റെ ചാരിതാര്‍ത്ഥ്യത്തിന് കോട്ടം തട്ടാതിരിക്കാനാണ് റാണി പത്മാവതി ആത്മയാഗത്തിന് തയ്യാറായത്. ഈ സംഭവത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എം.പിയുടെ പരാമര്‍ശം.

ജോഷിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജോഷിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ലോക്‌സഭാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

അതേസമയം സംഭവിച്ചത് വിവര്‍ത്തന പിശകാണെന്നും താന്‍ സതിയെ പിന്തുണയ്ക്കുന്നില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.

Content Highlight: Loksabha adjourned as rajasthan bjp mp glorifies Sati