[]ന്യൂദല്‍ഹി: രാജ്യസഭയില്‍ പാസാക്കുന്ന ലോക്പാല്‍ ബില്ലില്‍ അതൃപ്തി രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.
രാജ്യസഭയില്‍ പാസാക്കാനൊരുങ്ങുന്ന ബില്‍ ശക്തമല്ല. കോണ്‍ഗ്രസിനല്ലാതെ ഇതിന്റെ ക്രഡിറ്റ് മറ്റാര്‍ക്കും ലഭിക്കില്ല. ഇതില്‍ ലഭിക്കുന്ന ഗുണം മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് ആയിരിക്കുമെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.
അതേസമയം വിഷയത്തില്‍ അണ്ണാ ഹസാരെ സ്വീകരിച്ച നിലപാടിലും കെജ്‌രിവാള്‍ അതൃപ്തി രേഖപ്പെടുത്തി. ലോക്പാല്‍ ബില്‍ പാസാക്കുന്നതോടെ നിരാഹാരം സമരം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ നിലവിലെ ബില്‍ പ്രകാരം ഇപ്പോഴും അഴിമതിക്കാരെ സംരക്ഷിക്കാനുള്ള പഴുത് അതിലുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഈ ലോക്പാല്‍ ബില്‍ ആണ് രാജ്യസഭ പാസാക്കുന്നതെങ്കില്‍ അഴിമതിയുടെ പേരില്‍ ഒരു മന്ത്രി പോയിട്ട് ഒരു എലി പോലും ജയിലില്‍ പോകേണ്ടി വരില്ല.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അഴിമതി നടത്തിയ് ഒരാള്‍ പോലും ഈ ബില്‍ പാസാക്കിയതിന്റെ പേരില്‍ ജയിലില്‍ പോകില്ല. ആര്‍ക്കാണ് ഈ ലോക്പാല്‍ കൊണ്ട് പിന്നെ ഗുണമുണ്ടാകുകയെന്നാണ് ആലോചിക്കുന്നത്.
കോണ്‍ഗ്രസിന് ഗുണമുണ്ടാകും. പിന്നെ ലോക്പാല്‍ പാസാക്കിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി ക്രഡിറ്റും നേടും.
രാജ്യത്തെ സി.ബി.ഐ അന്വേഷണ ഏജന്‍സി സ്വതന്ത്രമല്ല. അവര്‍ സ്വതന്ത്രമായിരുന്നെങ്കില്‍ 2 ജി കേസിലും കല്‍ക്കരിപ്പാടം അഴിമതിയിലും പ്രധാനമന്ത്രിക്ക് വരെ ജയിലില്‍ പോകേണ്ടി വരുമായിരുന്നു.
നിലവിലെ ലോക്പാല്‍ ബില്‍ അഴിമതിയെ സംരക്ഷിക്കാനുള്ളത്. അല്ലാതെ അഴിമതി തുടച്ചുനീക്കാനുള്ളതല്ല- കെജ്‌രിവാള്‍ പറഞ്ഞു.