[]ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബില്ലില്‍ ഒപ്പു വച്ചു. ഇതോടെ നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക്പാല്‍ നിയമമാവുകയാണ്.
ഡിസംബറിലാണ് ലോക്പാല്‍ ബില്ല് ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു.
നാല് പതിറ്റാണ്ട് പാര്‍ലമെന്റിനകത്തും പുറത്തും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ നിയമമാകുന്നത്.
2011ഡിസംബര്‍ 22നാണ് ഏറെക്കുറെ സമഗ്രമായ ലോക്പാല്‍ ബില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോക്‌സഭയില്‍ ഡിസംബര്‍ 27ന് ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.
തുടര്‍ന്ന് സത്യവ്രത് ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി കൊണ്ടുവന്ന പല ഭേദഗതികളും അംഗീകരിച്ചാണ് സര്‍ക്കാര്‍ വീണ്ടും ബില്‍ അവതരിപ്പിച്ചത്.
സഭയില്‍ നിരവധി തവണ പ്രതിഷേധങ്ങളെ തുടര്‍ന്ന് ബില്‍ അവതരണം തടസപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ തടസങ്ങളേയും അതിജീവിച്ച് ഡിസംബറില്‍ ഇരുസഭകളും ബില്ല് പാസാക്കുകയായിരുന്നു.
സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച പതിന്നാല് ഭേദഗതികളോടെയാണ് വി.നാരായണസ്വാമി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നത്. സമാജ് വാദി പാര്‍ട്ടിയുള്‍പ്പെടെ പല പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു.