ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി
India
ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2013, 1:10 pm

[] ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്.

നാല് പതിറ്റാണ്ട് പാര്‍ലമെന്റിനകത്തും പുറത്തും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ നിയമമാകുന്നത്.

മുന്നറിയിപ്പില്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റെയ്ഡ് ചെയ്യാമെന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

അതേസമയം തുടക്കം മുതല്‍ക്കേ ബില്ലിനെ എതിര്‍ക്കുന്ന സമാജ് വാദി പാര്‍ട്ടി ചര്‍ച്ച തുടങ്ങും മുമ്പ് തന്നെ സഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു.

2011ഡിസംബര്‍ 22നാണ് ഏറെക്കുറെ സമഗ്രമായ ലോക്പാല്‍ ബില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോക്‌സഭയില്‍ ഡിസംബര്‍ 27ന് ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.

തുടര്‍ന്ന് സത്യവ്രത് ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി കൊണ്ടുവന്ന പല ഭേദഗതികളും അംഗീകരിച്ചാണ് സര്‍ക്കാര്‍ വീണ്ടും ബില്‍ അവതരിപ്പിച്ചത്.

ലോക്പാല്‍ ബില്‍ ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. രാജ്യസഭയെയും ബില്‍ നടപ്പാക്കുന്നതിന് മുന്‍കയ്യെടുത്ത രാഹുല്‍ ഗാന്ധിയെയും അണ്ണാ ഹസാരെ അഭിനന്ദിച്ചു.  ലോക്പാല്‍ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ഹസാരെ തന്റെ സമരം അവസാനിപ്പിച്ചു.

ബില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു നല്‍കും. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.