തിരുവനന്തപുരം: സംസ്ഥാനത്ത് ലവ് ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ലൗജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബെഹ്‌റ പറയുന്നത്.
കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സത്യം തിരിച്ചറിയാനായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം അത്തരം കേസുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി.
മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടുകേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.
സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കേരളത്തില്‍ ലവ്ജിഹാദുണ്ടെന്ന് ഡി.ജി.പി സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെ യുവാക്കളെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ “ദഅവ സ്‌ക്വാഡ്” എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരള പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്. ഈ സ്‌ക്വാഡ് പ്രധാനമായും ലക്ഷക്ഷ്യമിടുന്നത് കേരളത്തിലെ ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ദവാ സ്‌ക്വാഡും ലവ് ജിഹാദും ആരുടെയും ഭാവനാസൃഷ്ടിയല്ലെന്നും ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ലോക്നാഥ് ബെഹ്റ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
” പലവഴിയിലൂടെയുള്ള മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു വിദദ്ധ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്.” എന്നാണ് ബെഹ്റയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്.
പൊലീസ് റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തൃശൂരില്‍ നിന്നും 23 പ്രഫഷണലുകളും പാലക്കാട് നിന്ന് 139 പേരുമാണ് മതംമാറിയത്. വടക്കന്‍ കേരളത്തിലെ ഒരു ഡസനോളം മതപരിവര്‍ത്തനങ്ങളുടെ കേസ് സ്റ്റഡിയും റഇപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവര്‍ത്തനം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.