കേരള പൊലീസ് വന്നില്ലെങ്കില്‍ ശബരിമലയിലേക്ക് ഇതര സംസ്ഥാനത്തെ വനിത പൊലീസിനെ എത്തിക്കുമെന്ന് ഡി.ജി.പി
Sabarimala women entry
കേരള പൊലീസ് വന്നില്ലെങ്കില്‍ ശബരിമലയിലേക്ക് ഇതര സംസ്ഥാനത്തെ വനിത പൊലീസിനെ എത്തിക്കുമെന്ന് ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 7:38 pm

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് കേരളാ പൊലീസിലെ വനിതകള്‍ സ്വമേധയാ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പൊലീസുകാരെ എത്തിക്കാനുള്ള സഹായം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തം. ശബരിമലയിലേക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതാ പൊലീസിനെ നിയോഗിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം തന്നെ വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി പറഞ്ഞിരുന്നു. ജോലിയും വിശ്വാസവും രണ്ടാണ്. പൊലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഞ്ഞൂറ് വനിതാ പൊലീസുകാരെയെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എണ്ണം സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയിടങ്ങളിലൊക്കെ വനിതകളെ നിയോഗിക്കും. ഇതിന് മുന്നോടിയായി വനിതാ പൊലീസിന് പരിശീലനം നല്‍കുമെന്നും പറഞ്ഞിരുന്നു.

വനിത പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡി.ജി.പി കത്തയക്കുകയും ചെയ്തിരുന്നു. തുലാമാസ പൂജയ്ക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ എത്തിയേക്കാമെന്ന കണക്കുക്കൂട്ടലില്‍ സന്നിധാനത്തടക്കം വനിത പൊലീസിനെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.