തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് ബെഹ്‌റയുടെ നാല് ചോദ്യങ്ങള്‍ക്ക് പിന്നാലെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്തായിരുന്നു ആ നാലാമത്തെ ചോദ്യമെന്ന് മാത്രം പുറത്തുവന്നില്ല.
വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഇതേ ചോദ്യമുയര്‍ന്നു. പ്രമുഖ നടനോടുള്ള ആ നാലാം ചോദ്യം എന്തായിരുന്നു. എന്നാല്‍ ചിരിയായിരുന്നു ബെഹ്‌റയുടെ മറുപടി. പിന്നാലെ ഇന്റര്‍വ്യൂ ഈസ് ഓവര്‍ എന്നുകൂടി പറഞ്ഞ് അദ്ദേഹം എഴുന്നേല്‍ക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെയെന്നുള്ള ചോദ്യത്തിന് പ്രതിയെന്ന് സംശയമുള്ളവരെ കിട്ടിയാല്‍ പലതരം ചോദ്യം ചെയ്യല്‍ രീതികളുണ്ടെന്നും അതിലൂടെ മൊഴിയിലെ വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്നും ബെഹ്‌റ പറയുന്നു. ഒരൊറ്റ വ്യത്യാസം കണ്ടുപിടിച്ചാല്‍ മതി. അതുവെച്ച് ചലഞ്ച് ചെയ്യാം.
കണ്ണിലേക്ക് നോക്കാതിരിക്കുക, കണ്ണടയ്ക്കുക, പ്രത്യേക നോട്ടങ്ങള്‍, ഉമിനീരിറക്കുന്ന രീതി അങ്ങനെ ഓരോ ചെറിയ ചലനത്തിലും വലിയ ഉത്തരങ്ങളുണ്ടെന്നും ശരിക്കും ചോദ്യം ചെയ്യല്‍ എന്നത് ഒരു കലയാണെന്നും ബെഹ്‌റ പറയുന്നു.
ജോലിത്തിരക്കുകള്‍ക്കിടിയിലും പലപ്പോഴും എന്നെക്കുറിച്ചുള്ള ട്രോളുകള്‍ സൈബര്‍വിഭാഗം കാണിക്കാറുണ്ടെന്നും അതിലെ ഹ്യൂമര്‍ ആസ്വാദിക്കാറുമുണ്ടെന്നും ബെഹ്‌റ പറയുന്നു.
സോഷ്യല്‍മീഡിയയിലെ ആക്ടിവിറ്റികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സൈബര്‍ ടീം ഉണ്ടെന്നും ആ ടീമില്‍ പൊലീസ് സേനയിലുള്ള ആരുമില്ലെന്നും ഐ.ടി കമ്പനിയിലും മറ്റും ജോലി ചെയ്യുന്ന കുറച്ചുചെറുപ്പക്കാരാണ് ഉള്ളതെന്നും അവര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറാണെന്നും ബെഹ്‌റ പറയുന്നു.