കമല്‍സിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് എടുത്ത കേസിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെച്ചു.
തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നത് വ്യാജ പ്രചരണം ആണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. നിലവില്‍ കമലിനെതിരെ കേസില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കമല്‍സിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് എടുത്ത കേസിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെച്ചു. കമല്‍സിക്കെതിരെ 124എ പ്രകാരം എടുത്ത കേസ് പുന:പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
തനിക്കെതിരായ കുറ്റം ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ലെന്നും ഇതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ആരോപിച്ച് കമല്‍സി ചവറ എഴുത്തുനിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ “ശ്മശാനങ്ങളുടെ നോട്ടുപുസ്തകം” എന്ന കൃതി കത്തിച്ചു പ്രതിഷേധിക്കുമെന്നും കമല്‍സി അറിയിച്ചിരുന്നു.
അതിനിടെ സംസ്ഥാനത്ത് യു.എ.പി.എ പ്രകാരം എടുത്ത കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പൊലീസ് ആസ്ഥാനത്ത് പുനപരിശോധന നടത്തിവരികയാണെന്നും ഡി.ജി.പി അറിയിച്ചു.
കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡി.ജി.പി അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 100ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മേലുദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ 60 മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും നല്‍കിയ പ്രത്യേക സര്‍ക്കുലറില്‍ ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.