| Monday, 25th October 2021, 10:46 am

മോന്‍സന്റെ തട്ടിപ്പ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിരുന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരുടേയും മൊഴി എടുത്തിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്താണ് മൊഴിയെടുത്തത്. മോന്‍സന്റെ വീട്ടില്‍ ഇവര്‍ പോയിരുന്നതായി നേരത്തെ വ്യക്തമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ബെഹ്‌റയ്ക്ക് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് സൂചന. ഐ.ജി ലക്ഷ്മണ മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലും ബെഹ്‌റയോട് വിശദീകരണം തേടിയെന്നാണ് വിവരം.

മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കും.

ഏത് സാഹചര്യത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തില്‍ ഉത്തരം വേണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പൊലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു.

പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Loknath Behra IG Lakshmana Monson Mavungal

We use cookies to give you the best possible experience. Learn more