തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികളായ പൊലീസുകാര്‍ക്കുവേണ്ടി സേനയില്‍ പണപ്പിരിവു നടത്തരുതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും എല്ലാ ഉദ്യോഗസ്ഥരില്‍നിന്നും പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡി.ജി.പി ഉത്തരവിറക്കിയത്.
പൊലീസുകാരുടെ ശമ്പളത്തില്‍നിന്നു നേരിട്ടു പണം പിടിക്കാന്‍ ഒരു മേധാവിയും അനുവാദം നല്‍കരുത്. ഇത്തരം പണപ്പിരിവിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കു മൂന്നുവര്‍ഷം തടവും പിഴയുമാണു ശിക്ഷ. കോടതി ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതു ശരിയല്ലെന്നു ഡി.ജി.പി പറഞ്ഞു.
ALSO READ: മുഖ്യമന്ത്രിയ്ക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല; വയനാട്ടിലേക്ക് തിരിച്ചു
ശിക്ഷിക്കപ്പെട്ട അഞ്ചുപേരില്‍ സര്‍വീസിലുണ്ടായിരുന്ന സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഎസ്‌ഐ കെ.ജിതകുമാര്‍, നാര്‍കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കു വധശിക്ഷയാണ്.
രണ്ടുപേരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ഇവരെ സേനയില്‍നിന്നു പുറത്താക്കാന്‍ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കി കേസ് നടത്തിപ്പിനു വന്‍ തുക വേണ്ടിവരുമെന്നാണ് അസോസിയേഷന്‍ നേതാക്കളുടെ വിലയിരുത്തല്‍.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പൊലീസുകാരനു സ്വന്തമായി വീടില്ല. കോടതി വിധി വന്നപ്പോള്‍ത്തന്നെ തലസ്ഥാനത്തെ എല്ലാ പൊലീസുകാരും പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നു ജയിലിലും നിരവധി പൊലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അതിനാല്‍ ഡി.ജി.പിയുടെ വിലക്കുണ്ടെങ്കിലും പ്രതികളെ സഹായിക്കാന്‍ തന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗം പൊലീസുകാരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.