കോഴിക്കോട്: മുടി നീട്ടിയവരെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി മുടിവെട്ടാന്‍ പൊലീസ് പറയേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ബെഹ്‌റയുടെ പ്രതികരണം.
സദാചാര പൊലീസിങ് ആവശ്യമില്ലെന്നും മുടി വളര്‍ത്തുന്നത് വ്യക്തികളുടെ സ്വാതന്ത്രമാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. തൃശ്ശൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് വിനായകനെന്ന യുവാവ് ആത്മഹത്യ ചെയത് സംഭവത്തിന് പിന്നാലെയാണ് ബഹ്‌റയുടെ പ്രതികരണം. മുടി നീട്ടിവളര്‍ത്തിയതിന് വിനായകനോട് പൊലീസ് മോശമായി പെരുമാറിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസിന്റെ ഫ്രീക്കന്‍ വേട്ടയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വ്യക്തി സ്വാതന്ത്രത്തില്‍ കടന്നുകയറരുതെന്നും മുടി നീട്ടുന്നവരെ കണ്ടാല്‍ പിടിച്ചു നിര്‍ത്തി വെട്ടാന്‍ പറയേണ്ട കാര്യമില്ലെന്നും പൊലീസ് മേധാവി കോഴിക്കോട് പറഞ്ഞു. കൈയ്യില്‍ ചരടോ കഴുത്തില്‍ നിറയെ എന്തെങ്കിലുമോ ഇട്ടു നടക്കുന്നവരെ കണ്ടാല്‍ വിളിച്ചു നിര്‍ത്തി അത് മാറ്റാന്‍ പറയേണ്ട കാര്യമില്ല. വ്യക്തിയ്ക്കെന്നും വ്യക്തിയെന്ന നിലയില്‍ സ്വാതന്ത്ര്യം ഉണ്ടെന്നും മറിച്ചുള്ള പൊലീസിങ് നമ്മുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.