ആമിര്‍ഖാന് മുടിവളര്‍ത്താം, മൂക്കിന്‍ തുമ്പില്‍ സ്റ്റെഡ് ഇടാം; നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ അത് ചെയ്താല്‍ എങ്ങനെ കുറ്റമാകും: ലോക്‌നാഥ് ബെഹ്‌റ
Kerala
ആമിര്‍ഖാന് മുടിവളര്‍ത്താം, മൂക്കിന്‍ തുമ്പില്‍ സ്റ്റെഡ് ഇടാം; നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ അത് ചെയ്താല്‍ എങ്ങനെ കുറ്റമാകും: ലോക്‌നാഥ് ബെഹ്‌റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 12:24 pm

തിരുവനന്തപുരം: കേരളത്തില്‍ മിക്കവരും സദാചാര പൊലീസാണെന്നും സമൂഹത്തില്‍ ഈ പ്രവണത കൂടിവരുന്നുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ഇത് അനുവദിക്കാന്‍പാടില്ല. നമ്മുടെ ജീവിത ശൈലിയിലും മൂല്യങ്ങളിലും എല്ലാം മാറ്റം വന്നു. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി എനിക്ക് എന്റേതായ സ്‌പേസ് വേണം അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം എന്നുപറഞ്ഞു തുടങ്ങിയിരിക്കുന്ന നാടാണ് ഇത്. അത് കണ്ടില്ലെന്ന് നടിക്കരുത്.


Dont Miss വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്


അതിനോട് യുദ്ധം ചെയ്തിട്ടും കാര്യമില്ല. ഇത്തരം അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ അപകടത്തിലും കബളിപ്പിക്കലിലും പെടാതിരിക്കാനുള്ള സംരക്ഷണമൊരുക്കുകയാണ് വേണ്ടതെന്നും ലോക്‌നാഥ് ബെഹ്‌റ പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെഹ്‌റ.

“ഇന്ന വസ്ത്രമേ ഇടാന്‍ പാടുള്ളൂ എന്ന് നിര്‍ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നൊരു അതിര്‍ത്തിയിട്ടുണ്ട്. അതിനുള്ളില്‍ നില്‍ക്കുന്നതാകണം എന്നേയുള്ളൂ. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടി വളര്‍ത്തുന്നവരുടെ കാര്യവും. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ല.


Dont Miss ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


ആമിര്‍ഖാന് മുടി വളര്‍ത്തിയും മൂക്കിന്‍ തുമ്പില്‍ സ്റ്റെഡ് ഇട്ടും നടക്കാം. അതേ പോലെ നമ്മുടെ നാട്ടില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്‍ക്കും ഒരുപോലെയല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അത് ആസ്വദിക്കാനുള്ള അവകാശവും”- ബെഹ്‌റ പറയുന്നു.

ഇതില്‍ നിന്നും വിഭിന്നമായ ചിന്താഗതി വച്ചു പുലര്‍ത്തുന്ന ചില പൊലീസുകാരെങ്കിലും ഉണ്ടാകാം. അതില്‍ മാറ്റം വരണം. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും കൈകോര്‍ത്തു പിടിച്ചു നടക്കുന്നതില്‍ ആര്‍ക്കാണ് പരാതി? അവര്‍ക്കില്ലാത്ത പരാതിയും പ്രശ്‌നങ്ങളും സമൂഹം ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. അത്തരം മൊറാലിറ്റി നമുക്ക് വേണ്ട. അത്തരം മോറല്‍ പൊലീസിങ്ങിന് ഒരു പിന്തുണയും പൊലീസ് കൊടുക്കില്ല. ചില കാര്യങ്ങളില്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും ബെഹ്‌റ പറയുന്നു.