Kerala
പൗരത്വ നിയമഭേദഗതി; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 13, 10:04 am
Monday, 13th January 2020, 3:34 pm

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പൊതു മുതല്‍ നശിപ്പിച്ചാല്‍ നടപടിയെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ സംഘടനയോടോ മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്ക് വയര്‍ലെസ് വഴി ഈ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭപരിപാടികള്‍ക്കെതിരെ കേസെടുത്തുമില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പി യുടെ നീക്കം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുക്കുന്നത്.