സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനുണ്ട്, അതിനാല്‍ നടപടിയെടുത്തേ മതിയാകൂ.
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദികളില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനുണ്ട്, അതിനാല്‍ നടപടിയെടുത്തേ മതിയാകൂ. എന്നാല്‍ ഇതിനു വേണ്ടി തിയേറ്ററുകളില്‍ പൊലീസ് നിരീക്ഷണം നടത്തില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ നേരത്തെ കണ്‍ട്രോള്‍ റൂം എ.സിക്ക് ഡി.ജി.പി ചുമതല നല്‍കിയിരുന്നു. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയഗാനം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കരുത്; അവഹേളിക്കാനും പാടില്ലെന്ന് സത്യന്‍ അന്തിക്കാട്
അതേസമയം, ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരെ പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് സംവിധായകനും അക്കാദമി ചെയര്‍മാനുമായ കമല്‍ വ്യക്തമാക്കി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റു നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും എടുത്തുചാടി ഇടപെടലുണ്ടാകരുതെന്ന് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് അറു ഡെലിഗേറ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.