കോഴിക്കോട്: കൂടത്തായി കേസ് തെളിയിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ആ വെല്ലുവിളികളെല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
സയനെഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണെന്നായിരുന്നു ബെഹ്‌റ ചൂണ്ടിക്കാട്ടിയത്. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണെന്നും സാമ്പിളുകള്‍ ആവശ്യമെങ്കില്‍ വിദേശത്തേക്ക് അയക്കുമെന്നും ബെഹ്‌റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആര്‍ ഇടുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
”ആദ്യത്തേക്ക് കുറേ വര്‍ഷം മുന്‍പുള്ള കൊലപാതകമാണ്. സൈനേഡ് നല്‍കിയാണ് കൊല നടത്തിയിരിക്കുന്നത്. ഇവിടെ സൈനേഡിന്റെ ട്രേസ് എങ്ങനെ കിട്ടുമെന്നതാണ് ചലഞ്ച്. ആവശ്യം വന്നാല്‍ സാംപിള്‍സ് വിദേശത്തേക്ക് അയക്കാമെന്ന് ആലോചനയുണ്ട്. നേരത്തേയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.
ട്രേസ് അനാലിസിസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇംഗ്ലണ്ടിലും യു.എസിലും കാനഡയിലുമായി ലാബ് ഉണ്ട്. വിഷയത്തില്‍ റിസേര്‍ച്ച് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ദല്‍ഹിയിലും മറ്റുമുള്ള സയന്‍സ് എക്‌സ്‌പേര്‍ട്ടുമായി സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും ഡിഫക്കല്‍ട്ട് ആയ ഒരു കേസ് നമ്മള്‍ കണ്ടെത്തി. ഇനി തെളിവുണ്ടാക്കുകയെന്നത് ചലഞ്ചായി തന്നെ ഏറ്റെടുക്കും.- ബെഹ്‌റ പറഞ്ഞു.
കൂടുതല്‍ എഫ്.ഐ.ആര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിയമപ്രകാരം ഒരു എഫ്.ഐ.ആറില്‍ എല്ലാം കൊണ്ടുവരാമെന്നും പക്ഷേ ടൈമും ഗ്രൗണ്ടും വ്യത്യസ്തമായതുകൊണ്ട് തന്നെ വ്യത്യസ്ത ഫ്.ഐ.ആര്‍ ഇടുന്നത് തന്നെയാണ് നല്ലതെന്നാണ് തോന്നുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വ്യത്യസ്ത സമയങ്ങളിലാണ് അവര്‍ കൊലപാതകം നടത്തിയത്. ലക്ഷ്യം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത എഫ്.ഐ.ആര്‍ ഇടുന്നത് നന്നാവും. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി സംസാരിക്കും. ആറ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ ആലോചിച്ചത്. – അദ്ദേഹം പറഞ്ഞു.
കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ എത്രത്തോളം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടാണെന്നും പക്ഷേ അത് അസാധ്യമല്ലെന്നുമായിരുന്നു ബെഹ്‌റയുടെ മറുപടി. അതിനുള്ള ശ്രമം നമ്മള്‍ നടത്തണം. സര്‍ക്കംസ്റ്റന്‍ഷ്യല്‍ എവിഡന്‍സ് കളക്ട് ചെയ്യണം. നല്ല ടീമിനെ നിയോഗിച്ചിട്ടുണ്ട്. കുറേ ആളുകളെ കൂടി അന്വേഷണത്തിനായി നിയോഗിക്കും. സര്‍ക്കംസ്റ്റന്‍സ് പൂര്‍ത്തിയാക്കണം. അത് നമുക്ക് സാധിക്കും.
കൊലപാതകത്തിന്റെ കൃത്യമായ കാരണം പ്രതിയില്‍ നിന്നും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവരെ കസ്റ്റഡിയില്‍ നാളെ ലഭിക്കുമെന്നും അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റുമെന്നുമായിരുന്നു ബെഹ്‌റയുടെ മറുപടി.
പല കാരണങ്ങളും പറയുന്നു. കാരണം വ്യത്യസ്തമാണ്. തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍ നിന്നും മാത്രമേ കൃത്യമായ നിഗമനത്തില്‍ എത്താനാവൂ.
ഇത് വലിയൊരു ചാലഞ്ചാണ്. ഇതിനെ തീര്‍ച്ചയായും മറികടക്കും. ഇവര്‍ക്ക് സയനെഡ് എങ്ങനെ കിട്ടി? പൊട്ടാസ്യം സൈനേഡ് പോയിസണ്‍ ആണെന്ന് ഇവിടെയുള്ള കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ഇവര്‍ക്ക് ഇത് എങ്ങനെ കിട്ടി? സയനെഡ് പില്‍ഫറിങ് ആയോ മെഡിസിന്‍ വഴി ആണോ നല്‍കിയത്, അങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. അത് പ്രത്യേകമായി ഒരു ടീം നോക്കും. – അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായ വീഴ്ചയെ കുറിച്ച് ഇപ്പോള്‍ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പോസിറ്റീവായി പോകുകയാണെന്നും 10 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നില്ലെന്നുമായിരുന്നു ഡി.ജി.പിയുടെ മറുപടി.
ഇത് വളരെ അപൂര്‍വമായ കേസാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത രീതിയിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ തന്നെ നടത്തും. കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നമുക്ക് ശാസ്ത്രീയമായ രീതിയില്‍ തന്നെ മുന്നോട്ട് പോകാം- അദ്ദേഹം വ്യക്തമാക്കി.