ഐ.പി.എല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കുന്നത്. തുടക്കക്കാരുടെ ഒരു സങ്കോചവും കൂടാതെയാണ് ഹര്‍ദിക്കും ടീമും വിന്നിംഗ് സ്ട്രീക്ക് തുടരുന്നത്.
ഗുജറാത്ത് ഓരോ മത്സരം ജയിക്കുമ്പോഴും ജയിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്, ടീമിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. തന്നെക്കൊണ്ട് ഒരു ടീമിനെ നയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് എഴുതി തള്ളിയവര്‍ക്ക് മുമ്പില്‍ ജയിച്ചു കാണിച്ചാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് യോഗ്യനാണെന്ന് ഹര്‍ദിക് തെളിയിക്കുന്നത്.
ഇപ്പോഴിതാ, താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ടൈറ്റന്‍സ് പേസറുമായ ലോക്കി ഫെര്‍ഗൂസന്‍.
ഹര്‍ദിക് താരങ്ങള്‍ക്ക് എപ്പോഴും ആത്മവിശ്വാസം നല്‍കുന്ന താരമാണെന്നാണ് ഫെര്‍ഗൂസന്‍ പറയുന്നത്. കളിക്കാരന്റെ കഴിവുകളെ വിശ്വസിക്കുന്ന ക്യാപ്റ്റന് കീഴില്‍ കളിക്കുന്നത് തങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ അസാമാന്യമായ പ്രകടനമായിരുന്നു ലോക്കി നടത്തിയത്. ക്യാപ്റ്റന്‍ പന്തിന്റെയടക്കം എണ്ണം പറഞ്ഞ നാല് വിക്കറ്റുകളായിരുന്നു താരം പിഴുതത്. പന്തിന് പുറമെ പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, മന്‍ദീപ് സിംഗ് എന്നിവരായിരുന്നു ലോക്കിയുടെ ഏറില്‍ വീണത്.
നാല് ഓവറില്‍ കേവലം 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ലഭിച്ചു.
തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനമായിരുന്നു ഹര്‍ദിക്കും നടത്തിയത്. ബാറ്റിംഗില്‍ താരം 31 റണ്‍സ് നേടിയപ്പോള്‍ ബൗളിംഗില്‍ 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പേയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനത്തിലാണ് ടൈറ്റന്‍സ് 171 റണ്ണടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി പന്തിന്റേയും ലളിത് യാദവിന്റേയും പവലിന്റെയും മികവില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും 157 റണ്ണിന് ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിന് വിരാമമാവുകയായിരുന്നു.
Content Highlight: Lokie Ferguson praises Gujarat titans Captain Hardik Pandya