കൈതിക്കും വിക്രത്തിനും ശേഷമുള്ള ലോകേഷ് യൂണിവേഴ്‌സിലെ പുതിയ സിനിമയാണ് ദളപതി 67. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ ഇക്കാര്യം പറഞ്ഞതിന് പിന്നാലെ, ചിത്രത്തെ കുറിച്ചുള്ള ഓരോ അഭിമുഖങ്ങളിലും പ്രേക്ഷകര്‍ തിരഞ്ഞതും ആ യൂണിവേഴ്‌സിനെ കുറിച്ചുള്ള സൂചനകള്‍ക്ക് വേണ്ടിയായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തിയ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ കൈതിയിലെയോ വിക്രത്തിലെയോ ഏതെങ്കിലും കഥാപാത്രങ്ങള്‍ ഉണ്ടാവുമോയെന്ന് അറിയാനായി പ്രേക്ഷകര്‍ കാത്തിരുന്നു. പക്ഷെ, യൂണിവേഴ്‌സ് കണക്ഷനെ കുറിച്ച് ഒരു വിവരവും ലോകേഷ് പുറത്തുവിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പൂജയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആ യൂണിവേഴ്‌സ് കണക്ഷന്‍ ചികഞ്ഞെടുത്തിരിക്കുകയാണ് ആരാധകര്‍. കൈതിയിലെ പൊലീസുദ്യോഗസ്ഥനായ നെപ്പോളിയനായി എത്തിയ ജോര്‍ജ് മാരിയനെയാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.
ഇതിന് പിന്നാലെ കൈതിയുമായിട്ടായിരിക്കാം വിജയ് ചിത്രത്തിന് കൂടുതല്‍ കണക്ഷനെന്നും, വിക്രവും ആടൈകളവും ബിജോയ്‌യും റോളക്‌സുമെല്ലാം ഇവിടെയുമുണ്ടാകുമെന്നും തുടങ്ങി പല വിധ ഫാന്‍ ഫിക്ഷന്‍ സ്റ്റോറികള്‍ വരുന്നുണ്ട്.
വിക്രത്തില്‍ ആടൈകളവും ബിജോയ്‌യും കൈതിയും അന്‍പുമെല്ലാം വന്നതിനെ എത്ര ആവേശത്തോടെയാണോ സ്വീകരിച്ചത്, അതിനേക്കാള്‍ ഇരട്ടി ആവേശത്തോടെയാണ് വിജയ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
വിജയ് ചിത്രത്തില്‍ ഒരുപക്ഷെ ഏജന്റ് അമറും ഉണ്ടായേക്കാമെന്ന സൂചനകള്‍ ഫഹദ് ഫാസിലും നല്‍കിയിരുന്നു. ദളപതി 67ന് ശേഷം കൈതിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിലേക്ക് ലോകേഷ് നീങ്ങുമെന്നാണ് നടന്‍ കാര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
സഞ്ജയ് ദത്തും അര്‍ജുനും പ്രിയ ആനന്ദും മന്‍സൂര്‍ അലി ഖാനും മിഷ്‌കിനും സാന്‍ഡിയും തുടങ്ങി മലയാളി താരം മാത്യു തോമസ് വരെ എത്തിനില്‍ക്കുന്ന താരനിരയുമാണ് ദളപതി 67ല്‍ എത്തുന്നത്. ഇക്കൂട്ടത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത് വിജയ്‌ക്കൊപ്പം നായികയായി തൃഷയെത്തുന്നു എന്ന വാര്‍ത്തയായിരുന്നു.
കുരുവി എന്ന സിനിമയിലാണ് വിജയ്‌യും തൃഷയും ഒടുവില്‍ ഒന്നിച്ചഭനിയച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രണയജോഡികളായി ഇരുവരുമെത്തുമ്പോള്‍ ഗില്ലിയും തിരുപ്പാച്ചിയുമെല്ലാം പ്രേക്ഷകരുടെ മനസില്‍ ഓടിയെത്തുന്നുണ്ട്.
ദളപതി 67ന്റെ പൂജയുടെ വീഡിയോ പുറത്തുവന്നപ്പോള്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ചതും തൃഷയുടെ എന്‍ട്രി തന്നെയായിരുന്നു. വിജയ്-തൃഷ ജോഡികളെ തിരികെയെത്തിച്ചതിന് ലോകേഷ് കനകരാജിനോട് 90s കിഡ്‌സ് നന്ദി പറയുന്നുവെന്നാണ് കമന്റുകള്‍.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രം എസ്.എസ് ലളിത് കുമാറും ജഗദീഷ് പളനി സ്വാമിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം.
2023 ഒക്ടോബറില്‍ ദളപതി 67 റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചെന്നൈയിലും കശ്മീരുമായിരിക്കും പ്രധാന ലൊക്കേഷനുകളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Content Highlight: Lokesh Universe connection in Thalapathy 67, people find out Kaithi Police Officer Napolean in the Pooja