ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ വിക്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരുന്നു. തന്റെ മുന്‍ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രമിലും കൊണ്ടുവന്നാണ് ലോകേഷ് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്.
ഇത്തരത്തില്‍ ഒരു യൂണിവേഴ്സ് തുടങ്ങാന്‍ തനിക്ക് പദ്ധതി ഉണ്ടായിരുന്നെന്നും എന്നാല്‍ വിക്രമില്‍ തന്നെ അത് തുടങ്ങാനുള്ള ഐഡിയ ആദ്യമായി തന്നത് കമല്‍ ഹാസന്‍ തന്നെയാണെന്നാണ് ഇപ്പോള്‍ ലോകേഷ് പറയുന്നത്.
വിക്രമിന്റെ റിലീസിന് ശേഷം ബിഹൈന്‍ഡ്വൂഡ്സ് ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത്തരത്തില്‍ യൂണിവേഴ്സ് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ വിക്രമിന് വേണ്ടി ആലോചിച്ച കഥ മറ്റൊന്ന് ആയിരുന്നു. അപ്പോള്‍ കമല്‍ സാറാണ് എന്തുകൊണ്ട് കൈതിയിലെ കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നൂടാ എന്ന് ചോദിച്ചത്. കമല്‍ സാറാണ് ആദ്യമായി ഇങ്ങനെ ഒരു ഐഡിയ തന്നത്. അതിന് ശേഷം കൈതിയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി തിരക്കഥ പൂര്‍ത്തിയാക്കുകയായിരുന്നു’ -ലോകേഷ് പറഞ്ഞു.
കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമായി വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്.
Content highlight : Lokesh sas that Kamal hasan gave the idea for start cinematic universe