സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രത്തിലൂടെയായിരുന്നു ലോകേഷ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് കൈദി, വിക്രം ഒടുവിലിറങ്ങിയ ലിയോ അടക്കം ലോകേഷ് എന്ന ഫിലിം മേക്കർ നിറഞ്ഞു നിന്ന സിനിമകൾ ആയിരുന്നു.
മലയാളത്തിൽ ഇത് വരെ സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളി താരങ്ങളെ എന്നും ലോകേഷ് തന്റെ സിനിമകൾക്കായി തിരഞ്ഞെടുക്കാറുണ്ട്. എന്നാണ് മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ലോകേഷ്.
അന്യഭാഷയിൽ ഒരു സിനിമ സംവിധാനം ചെയുന്നതിനെ കുറിച്ച് താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഭാവിയിൽ ചെയ്യാൻ ശ്രമിക്കുമെന്നും ലോകേഷ് പറഞ്ഞു. ഈയിടെ കണ്ട സിനിമകളിൽ അങ്കമാലി ഡയറീസ് തനിക്ക് തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തോന്നിയെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഒരുപാട് മലയാള സിനിമകൾ കണ്ടിട്ട് അത് തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. ഈയിടെ കണ്ടതിൽ അങ്കമാലി ഡയറീസ് ഒരുപാട് ഇഷ്ടപ്പെട്ടു. അത് തമിഴിലേക്ക് റിമേക്ക് ചെയ്യണമെന്ന് തോന്നിയിരുന്നു. കാരണം അത് ഞാൻ ചെയ്യുന്ന തരത്തിലുള്ള സിനിമയാണ്.
മോഹൻലാൽ സാറിന്റെയും മമ്മൂട്ടി സാറിന്റെയുമെല്ലാം കൂടെ വർക്ക് ചെയ്യുക എന്നത് വലിയൊരു കാര്യമാണ്. അന്യഭാഷയിൽ ഒരു സിനിമ സംവിധാനം ചെയുന്നതിനെ കുറിച്ച് ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചുനാൾ കഴിഞ്ഞിട്ടേ അത് സംഭവിക്കുകയുള്ളൂ. തമിഴല്ലാതെ മറ്റു ഭാഷകളിൽ എനിക്കത്ര അറിവില്ല.
അതുകൊണ്ട് തന്നെ കോൺഫിഡൻസ് ഇല്ലാതെ ഒരു ഭാഷയിൽ വർക്ക് ചെയുമ്പോൾ അത് നന്നായി വരില്ല. ഒരാളെ ഡിപെൻഡ് ചെയ്തു കൊണ്ട് സിനിമ സംവിധാനം ചെയ്താൽ അത് എത്രത്തോള്ളം വർക്ക് ആവുമെന്ന് അറിയില്ല. ഇപ്പോൾ എന്തായാലും മലയാളത്തിൽ ഒരു സിനിമ ചെയ്യില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടായേക്കാം,’ലോകേഷ് പറഞ്ഞു.
അതേ സമയം ലോകേഷ് ഒരുക്കിയ വിജയ് ചിത്രം ലിയോ ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന് പുതിയ റെക്കോഡുകൾ ഉണ്ടാക്കിക്കൊണ്ട് മുന്നേറുകയാണ്.