| Thursday, 19th December 2024, 9:05 pm

എന്നെ എക്കാലവും അത്ഭുതപ്പെടുത്തിയ തിരക്കഥ, കമല്‍ സാര്‍ എന്ത് ചിന്തിച്ചാണ് അത് എഴുതിയതെന്ന് ആലോചിക്കാറുണ്ട്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ ഒരുക്കിയതിലൂടെ തമിഴിലെ മുന്‍നിരയിലേക്കുയരാന്‍ ലോകേഷിന് സാധിച്ചു. മികച്ച സംവിധായകന്‍ എന്നതുപോലെ പലരും ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യമാണ് കമല്‍ ഹാസനോട് ലോകേഷിനുള്ള ആരാധന. ആദ്യ ചിത്രമായ മാനഗരം മുതല്‍ തന്റെ എല്ലാ ചിത്രത്തിലും കമല്‍ ഹാസന്‍ റഫറന്‍സ് കാണാന്‍ സാധിക്കും.

തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ തിരക്കഥ ഏതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലോകേഷ് കനകരാജ്. എല്ലാ കാലത്തും തന്നെ അത്ഭുതപ്പെടുത്തിയ ഒരൊറ്റ തിരക്കഥ വിരുമാണ്ടിയുടേതാണെന്ന് ലോകേഷ് പറഞ്ഞു. ഒരേ കഥയെ രണ്ട് രീതിയില്‍ പറയുകയും അതുപോലെ ചിത്രീകരിക്കുകയും ചെയ്യുക എന്നത് എങ്ങനെ സാധ്യമായി എന്നാണ് താന്‍ പലപ്പോഴും ചിന്തിക്കുന്നതെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു.

റാഷോമോന്‍ എഫക്ടിന്റെ ഇന്‍ഫ്‌ളുവന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്നും എന്നാലും അത്തരം രീതിയെ തമിഴ് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണെന്നും ലോകേഷ് പറഞ്ഞു. ആ തിരക്കഥ എഴുതിക്കൊണ്ടിരുന്ന സമയത്ത് കമല്‍ ഹാസന്റെ ചിന്തകള്‍ എങ്ങനെ വര്‍ക്ക് ചെയ്തു എന്ന് പലപ്പോഴും ചിന്തിച്ച് തലപുകയ്ക്കാറുണ്ടായിരുന്നെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു.

വിക്രത്തിന്റെ സെറ്റില്‍ എപ്പോഴും താന്‍ വിരുമാണ്ടിയെക്കുറിച്ച് ചോദിച്ച് കമല്‍ ഹാസനെ ശല്യപ്പെടുത്തുമായിരുന്നെന്നും ഒടുവില്‍ ഷൂട്ടിങ് സെറ്റ് ഇന്റര്‍വ്യൂ പോലെയായപ്പോള്‍ അദ്ദേഹം അധികം സംസാരിക്കാതെ മാറിനടന്നുവെന്നും ലോകേഷ് പറഞ്ഞു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘എല്ലാകാലത്തും എന്നെ അത്ഭുതപ്പെടുത്തിയ സ്‌ക്രിപ്റ്റ് വിരുമാണ്ടിയുടേതാണ്. കമല്‍ സാര്‍ എന്ത് ചിന്തിച്ചാണ് ആ സ്‌ക്രിപ്റ്റ് എഴുതിയതെന്നും ആ സിനിമ ഷൂട്ട് ചെയ്തതെന്നും ആലോചിക്കാറുണ്ട്. ഒരു കഥയെ രണ്ട് പോയിന്റ് ഓഫ് വ്യൂവില്‍ പറയുക, അത് ആളുകളിലേക്ക് കൃത്യമായി എത്തിക്കുക എന്നത് വളരെ വലിയൊരു ടാസ്‌കാണ്. അത് എങ്ങനെ സാധ്യമായി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

റാഷോമോന്‍ എഫക്ടിന്റെ ഇന്‍ഫ്‌ളുവന്‍സ് തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ അതിനെ നമ്മുടെ നാടിന്റെ കള്‍ച്ചറുമായി  യോജിപ്പിക്കാന്‍ പറ്റുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചിന്തിച്ച രീതിയെ അഭിനന്ദിക്കാതെ തരമില്ല. വിക്രം എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ എപ്പോഴും കമല്‍ സാറിനോട് വിരുമാണ്ടിയെക്കുറിച്ച് മാത്രമാണ് ചോദിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ആ ഷൂട്ടിങ് സെറ്റ് ഇന്റര്‍വ്യൂ എടുക്കുന്ന സ്ഥലം പോലെയായി മാറിയപ്പോള്‍ കമല്‍ സാര്‍ എന്നോട് അധികം സംസാരിക്കാതെയായി,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanaragaraj saying that his favorite script is Kamal Haasan’s Virumandi

We use cookies to give you the best possible experience. Learn more