തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ കൈതി, വിജയ്യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു.
പിന്നീട് വന്ന മാസ്റ്റര്‍ കൊവിഡ് കാലത്ത് തിയേറ്ററുകളുടെ രക്ഷകനായി മാറി. അതിന് ശേഷം കമല്‍ ഹാസനെ നായകനാക്കിയെത്തിയ വിക്രവും വലിയ വിജയമായി. പിന്നീട് തൊട്ടടുത്ത വര്‍ഷമെത്തിയ ലിയോ കൂടി ഇന്‍ഡസ്ട്രി ഹിറ്റായതോടെ തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി ലോകേഷ് മാറി.
കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായിരുന്നു ലിയോ. വിജയ് ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. 600 കോടിയോളമായിരുന്നു ലിയോ ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.
ഇപ്പോള്‍ തനിക്ക് മറക്കാന്‍ പറ്റാത്ത തിയേറ്റര്‍ എക്സ്പീരിയന്‍ തന്ന സിനിമ ഏതാണെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. വിജയ്‌യുടെ ഗില്ലി എന്ന സിനിമയെ കുറിച്ചായിരുന്നു സംവിധായകന്‍ പറഞ്ഞത്. ആ സിനിമ ഇറങ്ങുമ്പോള്‍ താന്‍ കോളേജില്‍ പഠിക്കുകയായിരുന്നുവെന്നാണ് ലോകേഷ് പറയുന്നത്.
ഗില്ലി താന്‍ കോയമ്പത്തൂരിലെ തിയേറ്ററില്‍ വെച്ച് അഞ്ച് പ്രാവശ്യത്തോളം കണ്ടിട്ടുണ്ടെന്നും മറക്കാന്‍ പറ്റാത്ത എക്സ്പീരിയന്‍സ് തന്നെയായിരുന്നു ആ സിനിമ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.
‘എനിക്ക് മറക്കാന്‍ പറ്റാത്ത തിയേറ്റര്‍ എക്സ്പീരിയന്‍ തന്ന സിനിമയായിരുന്നു ഗില്ലി. ആ സിനിമ ഇറങ്ങുമ്പോള്‍ ഞാന്‍ കോളേജില്‍ സെക്കന്‍ഡ് ഇയറിന് പഠിക്കുകയായിരുന്നു. ഗില്ലി കാണുമ്പോള്‍ തന്നെ ഒരു അഡ്രിനാലിന്‍ പമ്പ് ലഭിക്കുന്ന എനര്‍ജിയായിരുന്നു.
അന്ന് മുഴുവന്‍ ക്ലാസും കോളേജില്‍ ഉണ്ടായിരുന്നില്ല. പകരം അവരൊക്കെ തിയേറ്ററിലായിരുന്നു ഉണ്ടായിരുന്നത്. ഗില്ലി ഞാന്‍ കോയമ്പത്തൂരിലെ തിയേറ്ററില്‍ വെച്ച് ഒരു അഞ്ച് പ്രാവശ്യമൊക്കെ കണ്ടിട്ടുണ്ടാകും. മറക്കാന്‍ പറ്റാത്ത എക്സ്പീരിയന്‍സ് തന്നെയായിരുന്നു അത്,’ ലോകേഷ് കനകരാജ് പറയുന്നു.
Content Highlight: Lokesh Kanakaraj Talks About Vijay And Ghilli Movie